മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്യാന്‍ മലയാളി, ആകാംക്ഷയില്‍ ആര്‍.ആര്‍-എം.ഐ മത്സരം

ഐപിഎല്ലില്‍ ഇന്നു നടക്കുന്ന രണ്ടാമത്തെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി 7.30ന് മുംബൈയിലെ വാംഖഡെയിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാന്‍ സഞ്ജുവും കൂട്ടരും ഇറങ്ങുമ്പോള്‍ മുംബൈയ്ക്കിത് നിലനില്‍പ്പിന്റെ പോരാട്ടമാണ്.

സീസണില്‍ ഇതുവരെ ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമേ മുംബൈയ്ക്കു വിജയിക്കാനായിട്ടുള്ളൂ. ഏഴു മല്‍സരങ്ങളാണ് മുംബൈയ്ക്കു ഇനി ബാക്കിയുള്ളത്. ഇതില്‍ അഞ്ചെണ്ണത്തിലെങ്കിലും വിജയിക്കാന്‍ സാധിച്ചാല്‍ മാത്രമേ മുംബൈയ്ക്കു പ്ലേഓഫില്‍ കടക്കാനാവുകയുള്ളൂ. അതുകൊണ്ടു തന്നെ ഇനിയുള്ള ഓരോ മല്‍സരവും മുംബൈയ്ക്കു ഒരുപോലെ പ്രധാനപ്പെട്ടതാണ്.

രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍ തുടങ്ങിയ താരങ്ങളുടെ ഫോമില്ലായ്മയാണ് മുംബൈയെ പിന്നോട്ടടിക്കുന്നത്. ഫോമിലല്ലാത്ത ഇഷാന് പകരം മലയാളി താരം വിഷ്ണു വിനോദിനെ മുംബൈ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

റോയല്‍സ് നിരയില്‍ ട്രെന്റ് ബോള്‍ട്ട് തിരിച്ചെത്തും. അതോടെ ആഡം സാംപയ്ക്ക് സ്ഥാനം നഷ്ടമാകും. പരാഗും അബ്ദുല്‍ ബാസിത്തും ഈ മത്സരത്തിലും പുറത്തുതന്നെയിരിക്കും.

മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)/ വിഷ്ണു വിനോദ്, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, തിലക് വര്‍മ, നെഹാല്‍ വദേര, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, പിയൂഷ് ചൗള, ജേസണ്‍ ബെറന്‍ഡോര്‍ഫ്, ജോഫ്ര ആര്‍ച്ചര്‍.

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ധ്രുവ് ജുറേല്‍, യുസ്വേന്ദ്ര ചഹല്‍, സന്ദീപ് ശര്‍മ, ട്രെന്റ് ബോള്‍ട്ട്.