തോല്‍വിയ്ക്ക് കാരണം ഞാന്‍ തന്നെ; ഉത്തരവാദിത്വം ഏറ്റെടുത്ത് കെ.കെ.ആര്‍ താരം

ഐപിഎല്‍ 16ാം സീസണില്‍ തുടര്‍ച്ചയായി മൂന്നാം മത്സരം പരാജയപ്പെട്ടിരിക്കുകയാണ് കെകെആര്‍. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് തുടങ്ങിയ കെകെആര്‍ എന്നാല്‍ പിന്നീട് വന്ന മൂന്ന് മത്സരങ്ങളിലും തോറ്റു. ഇന്നലെ ഡല്‍ഹിയ്‌ക്കെതിരെ നാല് വിക്കറ്റിന്റെ തോല്‍വിയാണ് നിതീഷ് റാണയും സംഘവും ഏറ്റുവാങ്ങിയത്. ബോളര്‍മാര്‍ മികച്ചുനിന്ന മത്സരത്തില്‍ ബാറ്റര്‍മാരാണ് നിരാശപ്പെടുത്തിയത്.

മത്സരത്തിനുശേഷം ടീമിന്റെ പരാജയത്തിന്റെ പൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നിതീഷ് റാണ. മത്സരത്തില്‍ കൊല്‍ക്കത്ത പരാജയപ്പെടാന്‍ കാരണം താന്‍ ക്രീസില്‍ ഉറയ്ക്കാന്‍ ശ്രമിക്കാതെ വിക്കറ്റ് വലിച്ചെറിഞ്ഞതിനാലാണെന്ന് റാണ പറഞ്ഞു.

ഡല്‍ഹി പിച്ചില്‍ ബാറ്റിംഗ് വളരെ ദുഷ്‌കരമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 15-20 റണ്‍സ് കുറവാണ് ഞങ്ങള്‍ നേടിയത്. അതിന്റെ പൂര്‍ണമായ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. ഞാന്‍ ക്രീസില്‍ ഉറച്ചു നില്‍ക്കണമായിരുന്നു. എന്നാല്‍ എനിക്കത് സാധിച്ചില്ല. എന്നിരുന്നാലും ഞങ്ങളുടെ ബോളര്‍മാര്‍ മികവാര്‍ന്ന പ്രകടനം തന്നെയാണ് പുറത്തെടുത്തത്. വരുംമത്സരങ്ങളില്‍ മികച്ച പ്രകടനങ്ങളോടെ ഞങ്ങള്‍ തിരിച്ചെത്തുക തന്നെ ചെയ്യും- നിതീഷ് റാണ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 127 റണ്‍സിലൊതുങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയെ നന്നായി വിറപ്പിക്കാന്‍ കെകെആറിനായെങ്കിലും 19.2 ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കെ ഡല്‍ഹി വിജയം നേടുകയായിരുന്നു. ഡേവിഡ് വാര്‍ണറുടെ (57) അര്‍ദ്ധ സെഞ്ച്വറിയാണ് ഡല്‍ഹിക്ക് കരുത്തായത്.