ഡേയ് തമ്പി.. ഞാന്‍ തലയല്ലടാ, തല എട്ക്കറവന്‍; രോഹിത്തിനെ വീഴ്ത്തിയ ധോണിയുടെ തന്ത്രം; ചര്‍ച്ച സജീവം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ ഈ സീസണിലെ പ്രകടനം കാണുന്ന ആരാധകര്‍ താരത്തിന് ഹിറ്റ്മാന്‍ എന്ന പേരൊഴുവാക്കി ഡക്ക്മാന്‍ എന്ന പേര് സ്ഥിരമാക്കണം എന്ന് പറയുകയാണ്. ആകെ മൊത്തം 16 തവണയാണ് രോഹിത് ഇത്തരത്തില്‍ പുറത്തായത്. ഇന്ന് ചെന്നൈക്ക് എതിരെ നടന്ന മത്സരത്തിലും താരം പൂജ്യത്തിന് മടങ്ങി. ഈ പുറത്താകിലിന് പിന്നില്‍ പ്രവര്‍ത്തിച്ച ധോണിയുടെ തന്ത്രമാണ് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ച.

ദീപക് ചഹാര്‍ എറിഞ്ഞ ഓവറില്‍ സാധാരണ പേസര്‍മാര്‍ക്ക് നില്‍ക്കുന്നതുപോലെ അല്‍പ്പം പിന്നോട്ടിറങ്ങിയാണ് ധോണി കീപ്പിംഗ് ആരംഭിച്ചത്. എന്നാല്‍ രോഹിത് രണ്ട് പന്ത് ഡോട്ടാക്കിയതോടെ സ്റ്റംപിന് തൊട്ടു പിന്നിലേക്ക് ധോണിയെത്തി. ധോണി പേസിനെതിരേ സ്റ്റംപിന് അടുത്ത കീപ്പ് ചെയ്തതോടെ രോഹിത് സമ്മര്‍ദ്ദത്തിലായി. ഇതോടെയാണ് സാഹസിക ഷോട്ടിന് ശ്രമിച്ച് രോഹിത് പുറത്താവുന്നത്.

ദീപക് ചഹാറിന്റെ ഡെലിവറിയെ ധോണിയുടെ തലക്ക് മുകളിലൂടെ പായിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാളി. സ്വിംഗ് ചെയ്ത പന്തില്‍ രോഹിത്തിന് ടൈമിംഗ് പിഴച്ചപ്പോള്‍ പന്ത് രവീന്ദ്ര ജഡേജയുടെ കൈയിലെത്തി വിശ്രമിച്ചു. ധോണി സ്റ്റംപിന് പിന്നിലേക്ക് കയറി നിന്ന തൊട്ടടുത്ത പന്തില്‍ത്തന്നെ രോഹിത്തിന്റെ വിക്കറ്റ് വീണുവെന്നതാണ് കൗതുകരമായ കാര്യം.

രോഹിത്തിന്റെ മോശം ഫോം മുതലെടുത്ത് കൃത്യമായ ഫീല്‍ഡിംഗ് വിന്യാസത്തോടൊപ്പം ധോണിയുടെ കണക്കുകൂട്ടലുകളും കൃത്യമായതോടെ രോഹിത് ഈ കെണിയില്‍ കൃത്യമായി വന്ന് തലവെക്കുകയായിരുന്നു. ധോണിയുടെ ഈ ‘തല’യെ വാഴ്ത്തുകയാണ് ആരാധകര്‍.