ജയിക്കുമെന്ന് കരുതിയിരുന്നു, തെറ്റുകാര്‍ അവര്‍; തുറന്നു പറഞ്ഞ് മായങ്ക് അഗര്‍വാള്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തോല്‍വിയ്ക്ക് കാരണം പഞ്ചാബ് കിംഗ്‌സ് ബാറ്റര്‍മാരുടെ മോശം പ്രകടനമാണെന്ന് നായകന്‍ മായങ്ക് അഗര്‍വാള്‍. നിലവാരത്തിനൊത്ത് ബാറ്റര്‍മാര്‍ക്ക് ഉയരാനായില്ലെന്നും ബോളര്‍മാര്‍ കരുത്ത് കാട്ടിയപ്പോള്‍ ജയിക്കുമെന്ന് കരുതിയിരുന്നെന്നും മായങ്ക് പറഞ്ഞു.

‘നല്ല രീതിയില്‍ തന്നെയാണ് ഞങ്ങള്‍ തുടങ്ങിയത്. എന്നാല്‍ അത് മുതലെടുത്ത് വലിയ സ്‌കോര്‍ ഉണ്ടാക്കാന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. പലരും പുറത്തായത് വളരെ എളുപ്പത്തിലാണ്. വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. അത് പക്ഷേ കുഴപ്പമില്ല. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു മത്സരം കിട്ടിയത് നല്ല കാര്യമാണ്. അതുകൊണ്ട് പ്രശ്‌നമില്ല.’

‘പഞ്ചാബ് ശരിക്കും പന്തുകൊണ്ടാണ് പോരാടിയത്. കെകെആര്‍ ബാറ്റ്സ്മാന്‍മാരെ പന്തുകൊണ്ട് പരീക്ഷിക്കാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. പഞ്ചാബ് വിജയിക്കുമെന്ന് കരുതിയ മത്സരമായിരുന്നു ഇത്. മത്സരം ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തത് റസലാണ്. എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന് നല്‍കുന്നു. ജയിക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് റസല്‍ എല്ലാം മാറ്റി മറിച്ചത്.’ മത്സര ശേഷം മായങ്ക് പറഞ്ഞു.

കെകെആര്‍ ഒരു ഘട്ടത്തില്‍ 51 ന് നാലെന്ന നിലയില്‍ തകര്‍ന്ന് നിന്നപ്പോള്‍ ആന്ദ്രെ റസലിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് കളി പഞ്ചാബില്‍ നിന്ന് തട്ടിയെടുത്തത്. 31 പന്തില്‍ 70 റണ്‍സാണ് താരം അടിച്ചെടുത്തത്. 26 പന്തുകളിലായിരുന്നു റസല്‍ അര്‍ദ്ധശതകം കുറിച്ചത്. എട്ട്് സിക്സറും രണ്ടു ഫോറുകളും താരത്തിന്റെ ബാറ്റില്‍ നിന്നു പിറന്നു. ഇതോടെ 139 റണ്‍സെന്ന വിജയലക്ഷ്യം 14.3 ഓവറില്‍ കെകെആര്‍ മറികടന്നു.