സിക്‌സര്‍ കൊണ്ട് ഡുപ്ലെസിയുടെ ആറാട്ട്, മസാല ചേര്‍ത്ത് ഡികെ, പഞ്ചാബിന് മുന്നില്‍ റണ്‍മല

ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് 206 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നിശ്ചിത ഓവറില്‍ കേവലം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 205 റണ്‍സ് നേടിയത്. നായകന്‍ ഫാഫ് ഡുപ്ലെസിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.

57 ബോള്‍ നേരിട്ട ഡുപ്ലെസിസ് ഏഴ് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയില്‍ 88 റണ്‍സെടുത്തു. വിരാട് കോഹ്‌ലി 29 ബോളില്‍ 2 സിക്‌സും 1 ഫോറും സഹിതം 41 റണ്‍സെടുത്തും ദിനേശ് കാര്‍ത്തിക് 14 ബോളില്‍ 3 വീതം സിക്‌സും ഫോറും സഹിതം 32 റണ്‍സെടുത്തും പുറത്താകാതെ നിന്നു. അനുജ് റാവത്ത് 20 ബോളില്‍ 21  റണ്‍സെടുത്തു.

പഞ്ചാബിനായി രാഹുല്‍ ചഹാര്‍, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് പുതിയ നായകന്മാര്‍ക്ക് കീഴിലാണ് ആര്‍സിബിയും പഞ്ചാബും ഇറങ്ങിയിരിക്കുന്നത്. വിരാട് കോഹ്‌ലി പിന്മാറിയ സ്ഥാനത്തേക്ക് ഫാഫ് ഡുപ്ലെസി എത്തിയപ്പോള്‍ പഞ്ചാബിനെ നയിക്കുന്നത് മായങ്ക് അഗര്‍വാളാണ്.

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍- ഫാഫ് ഡുപ്ലെസി, അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, വിരാട് കോലി, ഡേവിഡ് വില്ലി, വനിന്ദു ഹസരംഗ, ഷഹബാസ് അഹമ്മദ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.

പഞ്ചാബ് കിംഗ്സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ബാനുക രാജപക്സ (വിക്കറ്റ് കീപ്പര്‍), ഒഡെയ്ന്‍ സ്മിത്ത്, ഷാരൂഖ് ഖാന്‍, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, സന്ദീപ് ശര്‍മ, രാഹുല്‍ ചാഹര്‍.