പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് കണ്ട് കമ്മിന്‍സിനെ ട്രോളി ഉറക്കം, ധാരാവി ആരാധകര്‍ ഉണര്‍ന്നപ്പോള്‍ ചന്ദ്രനില്‍

ഐപിഎല്ലില്‍ ഇന്നലത്തെ മത്സരത്തില്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് സത്യത്തില്‍ ഒന്നും തന്നെ മനസിലായിട്ടുണ്ടാകില്ല, മൊത്തമൊരു വെടിയും പുകയും. മുംബൈ ഇന്നിംഗ്‌സിലെ അവസാന ഓവറിലെ കീറോണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് വിസ്‌ഫോടനം കണ്ട് അറമാതിച്ച് പാറ്റ് കമ്മിന്‍സിനെ ട്രോളിക്കൊന്ന മുംബൈ ഫാന്‍സ് ഇത്തരമൊരു തിരിച്ചടി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ച് കാണില്ല.

162 വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കെകെആര്‍ നിരയില്‍ വെടിക്കെട്ട് വീരന്‍ ആന്ദ്രെ റസല്‍ കൂടി പുറത്തായപ്പോള്‍ മുംബൈ ഫാന്‍സ് വിജയം ഉറപ്പിച്ചു. കളിക്കാരും ആരാധകരും ഭയങ്കര ഹാപ്പി. ക്രീസില്‍ വെങ്കടേഷ് അയ്യരും പാറ്റ് കമ്മിന്‍സും. 35 ബോളില്‍ വേണ്ടത് 61 റണ്‍സ്. പിന്നെ എല്ലാം ശടപടേ.. ശടപടേ എന്നായിരുന്നു.

35 ബോളൊന്നും വേണ്ടി വന്നില്ല, 17 ബോളില്‍ കളി തീര്‍ന്നു. വെറും 15 ബോളില്‍ ആറു കൂറ്റന്‍ സിക്സറും നാലു ബൗണ്ടറികളുമടക്കം കമ്മിന്‍സ് പുറത്താവാതെ വാരിക്കൂട്ടിയത് 56 റണ്‍സാണ്. ഓസീസ് ടെസ്റ്റ് ക്യാപ്റ്റന്റെ സംഹാരതാണ്ഡവത്തിനു മുന്നില്‍ സ്തബ്ധരായി നില്‍ക്കാനേ മുംബൈയ്ക്കായുള്ളൂ. മുംബൈ നല്‍കിയ വിജയലക്ഷ്യം വെറും 16 ഓവറില്‍ അഞ്ചു വിക്കറ്റിനു കെകെആര്‍ മറികടന്നു.

ബോളിംഗില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും റണ്‍ വഴങ്ങുന്നതില്‍ മടികാണിക്കാതിരുന്ന കമ്മിന്‍സിനെ ഒരു ദയയുമില്ലാതെയാണ് മുംബൈ ആരാധകര്‍ പരിഹസിച്ചത്. ക്രിക്കറ്റ് ഗ്രൂപ്പുകളിലെല്ലാം കമ്മിന്‍സ് ചെണ്ടയായി കൊട്ടപ്പെട്ടു. എന്നാല്‍ കളി അവസാനിച്ചപ്പോള്‍, ധാരാവി ആരാധകര്‍ എന്താണ് സംഭവിച്ചതെന്ന് അറിയാതെ പരതുകയായിരുന്നു. വിജയം ഉറപ്പിച്ച് കമ്മിന്‍സിനെ ട്രോളി പോസ്റ്റിട്ട് ഉറങ്ങാന്‍ പോയ ധാരാവി ആരാധകര്‍ ഉണര്‍ന്നപ്പോള്‍ ചന്ദ്രനിലായിരുന്നു. മുംബൈ ഫാന്‍സിനെ ട്രോളി വശംവരുത്തുകയാണ് മറ്റ് ടീം ആരാധകര്‍.