ഇംഗ്ലീഷ് പവറില്‍ കുതിച്ചുയര്‍ന്ന് പഞ്ചാബ്, ചെന്നൈയ്ക്ക് വിജയ പ്രതീക്ഷ

ഐപിഎല്‍ 15ാം സീസണില്‍ ആദ്യ വിജയം നേടിയിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നി ല്‍ 181 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച് പഞ്ചാബ് കിംഗ്‌സ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 180 റണ്‍സ് നേടിയത്.

അര്‍ദ്ധ സെഞ്ച്വറി നേടിയ ലിയാം ലിവിംഗ്സ്റ്റണാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 32 ബോള്‍ നേരിട്ട ലിവിംഗ്സ്റ്റണ്‍ അഞ്ച് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയില്‍ 60 റണ്‍സെടുത്തു. മായങ്ക് അഗര്‍വാള്‍ 2 ബോളില്‍ 4, ശിഖര്‍ ധവാന്‍ 24 ബോളില്‍ 33, ഭാനുക രാജപക്‌സെ 5 ബോളില്‍ 9, ഷാരൂഖ് ഖാന്‍ 11 ബോളില്‍ 6, ഒഡിയന്‍ സ്മിത്ത് 7 ബോളില്‍ 3, ജിതേഷ് ശര്‍മ 17 ബോളില്‍ 26, രാഹുല്‍ ചാഹര്‍ 8 ബോളില്‍ 12, കാഗിസോ റബാഡ 12 ബോളില്‍ 12*,  വൈഭവ് അറോറ 2 ബോളില്‍ 1* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ചെന്നൈയ്ക്കായി ക്രിസ് ജോര്‍ദാന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡ്വെയ്ന്‍ ബ്രാവോ, മുകേഷ് ചൗധരി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഹാട്രിക് തോല്‍വി ഒഴിവാക്കി സീസണിലെ കന്നി വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ലക്ഷ്യമിടുന്നതെങ്കില്‍ രണ്ടാം വിജയം തേടിയാണ് പഞ്ചാബ് കളിക്കുന്നത്. ചെന്നൈ കഴിഞ്ഞ മത്സരത്തിലിരങ്ങിയ ടീമില്‍ ഒരു മാറ്റവും പഞ്ചാബ് രണ്ട് മാറ്റവും വരുത്തിയാണ് ഇറങ്ങിയത്.

ചെന്നൈ നിരയില്‍ തുഷാര്‍ ദേശ്പാണ്ഡെയ്ക്കു പകരം ഇംഗ്ലിഷ് താരം ക്രിസ് ജോര്‍ദാന്‍ കളത്തിലിറങ്ങി. പഞ്ചാബ് കിംഗ്‌സിനായി ഹര്‍പ്രീത് ബ്രാര്‍, രാജ് ബാവ എന്നിവര്‍ക്കു പകരം ജിതേഷ് ശര്‍മ, വൈഭവ് അറോറ എന്നിവരാണ് കളിക്കുന്നത്. ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഇംഗ്ലിഷ് താരം ജോണി ബെയര്‍‌സ്റ്റോ ഇന്ന് കളിക്കുന്നില്ല.