എട്ട് വര്‍ഷത്തിന് ശേഷം ഒരു സിംബാബ്‌വെ താരം ഐപിഎല്ലിലേക്ക്!

നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു സിംബാബ്‌വെ താരം ഐപിഎല്ലിന്റെ ഭാഗമാകാനെത്തുന്നു. സിംബാബ്‌വെ ഫാസ്റ്റ് ബൗളര്‍ ബ്ലെസിംഗ് മുസാറബാനിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഭാഗമായി ഐപിഎല്ലിലേക്ക് എത്തുന്നത്.

മാര്‍ക്ക് വുഡിന്റെ പകരക്കാരനായോ നെറ്റ് ബൗളറായോ മുസാറബാനി ലഖ്നൗവിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ലഖ്നൗ ഫ്രാഞ്ചൈസിയില്‍ ചേരാന്‍ അദ്ദേഹം ഉടന്‍ തന്നെ ഇന്ത്യയിലെത്തുമെന്ന് ഉറപ്പാണ്.

മാര്‍ക്ക് വുഡിന് പകരക്കാരനായി ബംഗ്ലാദേശ് പേസര്‍ തസ്‌കിന്‍ അഹമ്മദിനെ എത്തിക്കാന്‍ ലഖ്‌നൗ ശ്രമിച്ചിരുന്നു. എന്നാല്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം പുരോഗമിക്കുന്നതിനാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അത് അനുവദിച്ചില്ല.

ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയുടെ ഭാഗമായ അദ്ദേഹം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കും. കൂടാതെ, ഇന്ത്യയ്ക്കെതിരായ ഹോം സീരീസ് വരാനിരിക്കുന്നതിനാല്‍, ബിസിബി അദ്ദേഹത്തിന് എന്‍ഒസി നല്‍കിയിട്ടില്ല. അതിനാല്‍ മാര്‍ക്ക വുഡിന് പകരക്കാരനായി മുസാറബാനി തന്നെ കളിച്ചേക്കും.

Read more

ബ്രണ്ടന്‍ ടെയ്‌ലറാണ് അവസാനമായി ഐപിഎല്‍ കളിച്ച സിംബാബ്‌വെ താരം. 2015 സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായാണ് ടെയ്‌ലര്‍ കളിച്ചത്. നേരത്തെ തതേന്ദ തയ്ബു (കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്), റെ പ്രൈസ് (മുംബൈ ഇന്ത്യന്‍സ്) എന്നിവരാണ് ഐപിഎല്‍ കളിച്ച മറ്റ് സിംബാബ്‌വെ താരങ്ങള്‍.