സമദിന്റെ സിക്‌സ്, സണ്‍റൈസേഴ്‌സിന്റെ മുഖത്തേറ്റ അടി; വിമര്‍ശനം ശക്തം

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ അബ്ദുള്‍ സമദിനെ ക്രീസിലിറക്കാന്‍ വൈകിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നടപടിയെ വിമര്‍ശിച്ച് ആരാധകര്‍. സണ്‍റൈസേഴ്‌സ് വിജയലക്ഷ്യത്തിന് ഏറെ അകലായിരുന്നിട്ടും വെടിക്കെട്ട് ബാറ്റ്‌സാമാനായ സമദിനെ ഏഴാമനായാണ് ഇറക്കിയത്. മികച്ച സ്ട്രൈക്ക് റേറ്റുള്ള സമദിനെ നേരത്തേ ഇറക്കിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

വൈകിയാണ് ക്രീസിലെത്തിയത് എങ്കിലും സമദ് തന്റെ തനി സ്വരൂപം പുറത്തെടുത്തു. എട്ടു ബോളില്‍ നിന്നും രണ്ടു കൂറ്റന്‍ സിക്സറുകളുടെ അകമ്പടിയില്‍ 19 റണ്‍സ് നേടി സമദ് പുറത്താകാതെ നിന്നു. നേരിട്ട ആദ്യ ബോള്‍ തന്നെ സിക്‌സര്‍ പായിച്ചാണ് സമദ് തുടങ്ങിയത്. സൂപ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സായിരുന്നു ബോളര്‍. മൂന്നാമത്തെ ബോളില്‍ വീണ്ടും കമ്മിന്‍സിനെ സമദ് അതിര്‍ത്തി കടത്തി.

സമദിന്റെ സിക്‌സറുകള്‍ തന്നെ ഇറക്കാന്‍ വൈകിച്ചവരുടെ മുഖത്തേറ്റ അടിയായാണ് വിമര്‍ശകള്‍ കാണുന്നത്. ആകാശ് ചോപ്രയും സമദിനെ വൈകിപ്പിച്ച സണ്‍റൈസേഴ്‌സിന്റെ നീക്കത്തെ വിമര്‍ശിച്ചു. അബ്ദുള്‍ സമദ് വളരെ പ്രതിഭയുള്ള താരമാണ്. നോര്‍ക്കിയ, റബാഡ, ബുംറ, കമ്മിന്‍സ് എന്നിവര്‍ക്കെതിരേയെല്ലാം താരം സിക്സറടിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റ സീസണില്‍ അവന്‍ 36 സിക്സറുകള്‍ നേടിയിട്ടുണ്ട്” ചോപ്ര ട്വീറ്റ് ചെയ്തു.

Image

ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയോട് 10 റണ്‍സിനാണ് ഹൈദരാബാദ് തോല്‍വി വഴങ്ങിയത്. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടാനെ സാധിച്ചുള്ളു.