പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി; രാഹുല്‍ ഇനിയുള്ള മത്സരങ്ങള്‍ക്ക് ഉണ്ടായേക്കില്ല

പഞ്ചാബ് കിംഗ്‌സ് നായകന്‍ കെ.എല്‍. രാഹുലിനെ അപ്പെന്‍ഡിസൈറ്റിസിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രാഹുലിന് അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിച്ചത്. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

“വയറുവേദനയുള്ള കാര്യം കഴിഞ്ഞ ദിവസം രാത്രിയാണ് കെ.എല്‍. രാഹുല്‍ മെഡിക്കല്‍ സംഘത്തെ അറിയിച്ചത്. തുടര്‍ന്ന് മരുന്നുകളോടു പ്രതികരിക്കാത്തതിനെ തുടര്‍ന്ന് രാഹുലിനെ വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കി. തുടര്‍ന്ന് അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രശ്‌നം ശസ്ത്രക്രിയയിലൂടെ പരിഹരിക്കുന്നതിന് താരത്തെ ആശുപത്രിയിലേക്ക് മാറ്റി” പഞ്ചാബ് കിംഗ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

അപ്പെന്‍ഡിസൈറ്റിസ് സ്ഥിരീകരിച്ചതോടെ താരത്തിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകാനാണ് സാദ്ധ്യത. ശസ്ത്രക്രിയയ്ക്കു ശേഷം കളത്തിലേക്കു തിരിച്ചെത്തിയാലും താരത്തിന് ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. രാഹുലിന്റെ അഭാവത്തില്‍ മായങ്ക് അഗര്‍വാളാണ് നിലവില്‍ പഞ്ചാബിനെ നയിക്കുന്നത്.

രാഹുലിന്റെ അസാന്നിധ്യം പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള താരമാണ് രാഹുല്‍. ഏഴു മത്സരങ്ങളില്‍നിന്ന് 66.20 ശരാശരിയിലും 136.21 സ്‌ട്രൈക്ക് റേറ്റിലും 331 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. ഇതില്‍ നാല് അര്‍ദ്ധ സെഞ്ചുറികളും ഉണ്ട്.