തന്റെ രണ്ട് ആഗ്രഹങ്ങള്‍ പറഞ്ഞ് ഗെയ്ല്‍; വായ പൊളിച്ച് ഐ.പി.എല്‍ പ്രേമികള്‍

തന്റെ 41ാം വയസിലും ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തുകയാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സിന്റെ താരമായ ഗെയ്ല്‍ ടീമിന്റെ മിന്നും താരമാണ്. സീസണിലെ ആദ്യ മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച ഗെയ്‌ലിന് എന്നാല്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ തിളങ്ങാനായില്ല. ടീമിന്റെ അവസ്ഥയും അങ്ങനെ തന്നെ. ഇപ്പോഴിതാ തന്റെ രണ്ട് ആഗ്രഹങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ഗെയ്ല്‍.

പഞ്ചാബ് ഈ വര്‍ഷത്തെ ഐ.പി.എല്‍ കിരീടം ചൂടണമെന്നാണ് ഗെയ്‌ലിന്റെ ഒരാഗ്രഹം. 45 വയസ് വരെ ടൂര്‍ണമെന്റില്‍ കളിക്കണമെന്നാണ് ഗെയ്‌ലിന്റെ രണ്ടാമത്തെ ആഗ്രഹം. “ഈ വര്‍ഷത്തെ ഐ.പി.എല്‍ നേടണമെന്നാണ് എന്റെ ആഗ്രഹം. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. പ്രായം ഒരു സംഖ്യ മാത്രമാണ്. ഞാന്‍ ഇപ്പോഴും നല്ല നിലയിലാണ്, ഇപ്പോഴും നല്ല പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ എനിക്കാവുന്നു. എനിക്ക് ഇനിയും കുറച്ച് വര്‍ഷങ്ങള്‍ കൂടി ഉണ്ട്. 45 വയസ് വറെ കളി തുടരണമെന്നാണ് എന്റെ ആഗ്രഹം. എനിക്ക് ഇപ്പോള്‍ 41 വയസ്സ് തികയും. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്” ഗെയ്ല്‍ പറഞ്ഞു.

നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രം നേടി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് പഞ്ചാബ് ഉള്ളത്. സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് തുടങ്ങിയ പഞ്ചാബ് പിന്നീട് നടന്ന മത്സരങ്ങളില്‍ ചെന്നൈയോടും ഡല്‍ഹിയോടും പരാജയപ്പെട്ടിരുന്നു.

രാജസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഗെയ്ല്‍ 28 ബോളില്‍ 40 റണ്‍സ് എടുത്തിരുന്നു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ 10, 11 എന്നിങ്ങനെയാണ് ഗെയ്‌ലിന്റെ പ്രകടനം. ഗെയ്ല്‍ ഫോമായ മത്സരത്തില്‍ പഞ്ചാബ് ജയിച്ചു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ സീസണിലും ഗെയ്‌ലിന്റെ സാന്നിദ്ധ്യം പഞ്ചാബിനെ പിന്നില്‍ നിന്നും പ്ലേഓഫിന് അരികെ വരെ എത്തിച്ചിരുന്നു.