ഇംഗ്ലണ്ട് താരങ്ങള്‍ ഇനി ഐ.പി.എല്ലിന് ഇല്ല, ഇടിവെട്ടേറ്റ് ബി.സി.സി.ഐ

ഐപിഎല്‍ 14ാം സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഈ വര്‍ഷം നടത്തിയാല്‍ ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ജൂണ്‍ മുതല്‍ തിരക്കേറിയ ഷെഡ്യൂളായതിനാല്‍ താരങ്ങളെ വിട്ടുനല്‍കാനാവില്ലെന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ ആഷ്‌ലേ ഗില്‍സ് വ്യക്തമാക്കി.

“ഐ.പി.എല്‍ മത്സരങ്ങള്‍ എങ്ങനെയാവും പുനരാരംഭിക്കുക എന്നത് സംബന്ധിച്ച് ഒരു വിവരവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എവിടെ വെച്ച്, ഏത് സമയം എന്നതൊന്നും അറിയില്ല. ന്യൂസിലാന്‍ഡിനെതിരായ കളിയോടെ സമ്മര്‍ സീസണ്‍ ആരംഭിക്കുന്നതോടെ ഞങ്ങള്‍ക്ക് തിരക്കാവുകയാണ്.”

“ടി20 ലോക കപ്പും ആഷസും ഉള്‍പ്പെടെ വളരെ പ്രധാനപ്പെട്ട പല ടൂര്‍ണമെന്റുകളും ഈ സമയം ഞങ്ങളുടെ മുന്‍പിലുണ്ട്. ഇംഗ്ലണ്ടിന്റെ മത്സരങ്ങളില്‍ കളിക്കാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് പദ്ധതിയിടുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കുന്ന നൂറ് ബോള്‍ ക്രിക്കറ്റിലും ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളുടെ പങ്കാളിത്തം ഉണ്ടാവണം” ആഷ്‌ലേ ഗില്‍സ് പറഞ്ഞു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഇംഗ്ലണ്ടില്‍ തന്നെ ഐ.പി.എല്‍ നടത്താനാണ് ബി.സി.സി.ഐ ലക്ഷ്യമിടുന്നെന്നാണ് വിവരം. അങ്ങനെ ആയാലും ഇംഗ്ലണ്ട് താരങ്ങളെ വിട്ടുതരുമോ എന്ന് കണ്ടറിയണം.