ലോകകപ്പില്‍ ധോണി കളിക്കില്ലേ? ആശങ്ക പരക്കുന്നു

ഐപിഎല്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി പല മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമാകുന്നു. ഐപിഎല്ലിന് ശേഷം ലോകകപ്പ് നടക്കുന്നതാണ് ആരാധകരെ ആശങ്കയില്‍ ആഴ്ത്തുന്നത്. നടുവേദനയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ അലട്ടുന്ന പ്രശ്‌നം.

ഇതോടെ മുന്‍കരുതലുമായി ബിസിസിഐ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് സൂചന. ഇതോടെയാണ് ധോണിയ്ക്ക് ഐപിഎല്ലില്‍ പരമാവധി മത്സരങ്ങളില്‍ വിശ്രമം നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. ഐപിഎല്‍ സെമിയിലായിരിക്കും ധോണി ഇനി ചെന്നൈയ്ക്കായി കളിക്കുക. മെയ് ഏഴിനാണ് ആദ്യ സെമി ഫൈനല്‍.

അതെസമയം ധോണിക്ക് വിശ്രമം അനുവദിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ചെന്നൈ ബാറ്റിങ് കണ്‍സല്‍ടന്റ് മൈക്ക് ഹസി പറഞ്ഞത്.

അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം ഒരു മത്സരത്തില്‍ പോലും മാറി നില്‍ക്കാന്‍ ധോണി തയാറാവില്ല. അദ്ദേഹം കളിക്കളത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്ന വ്യക്തിയാണ്. ആയതിനാല്‍, വിശ്രമം വേണോ എന്നതിന്റെ അവസാന തീരുമാനം ധോണിയുടേതായിരിക്കും. ഹസി പറഞ്ഞു. ധോണിയില്ലാതെ മുംബൈയ്‌ക്കെതിരെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ദയനീയമായി തോറ്റിരുന്നു.

ലോകകപ്പ് വരാനിരിക്കെ ധോണിയുടെ നടുവ് വേദന ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ് ആരാധകരും ബിസിസിഐയും.