രണ്ടാം ടെസ്റ്റിൽ ആ താരങ്ങളെ ഒഴിവാക്കും, സ്റ്റാർ പേസറും കളിച്ചേക്കില്ല, മൂന്ന് നിർണായക മാറ്റങ്ങൾക്ക് ഇന്ത്യ

ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് മുതൽ ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ നടക്കും. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് പരമ്പര പിടിക്കണമെങ്കിൽ ഇനിയുളള മത്സരങ്ങൾ നിർണായകമാണ്. അഞ്ച് താരങ്ങൾ സെഞ്ച്വറി നേടിയിട്ടും ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ജയം പിടിക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ലോവർ മിഡിൽ ഓർഡർ പൂർണ പരാജയമായത് ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ബോളർമാരിൽ ജസ്പ്രീത് ബുംറയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കും പുറമെ ആർക്കും കാര്യമായി വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചിരുന്നില്ല.

ബുംറ രണ്ടാം ടെസ്റ്റിനുണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ വന്നതോടെ മറ്റ് പേസർമാർക്ക് ഇന്ന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ലീഡ്സിൽ മൂന്നാം നമ്പറിൽ ഇറങ്ങിയ സായി സുദർശൻ രണ്ടാം ടെസ്റ്റിലുണ്ടായേക്കില്ലെന്നാണ് പുതിയ വിവരം, സായിക്ക് പകരം ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ടീമിൽ എത്തിയേക്കും. ഇതോടെ മലയാളി താരം കരുൺ നായർ‌ മൂന്നാം നമ്പറിൽ കളിക്കാനാണ് സാധ്യത. ബാറ്റിങ് ലൈനപ്പിൽ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായേക്കില്ല.

ബുംറ കളിച്ചില്ലെങ്കിൽ പകരം ആകാശ് ദീപിനെയാവും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുക. ഇന്ത്യക്കായി ടെസ്റ്റിൽ മുൻപ് കളിച്ചതിന്റെ അനുഭവപരിചയമുളള താരമാണ് ആകാശ് ദീപ്. ഇങ്ങനെ വന്നാൽ അർ‌ഷ്ദീപ് സിങിന് തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ശാർദൂൽ താക്കൂറിന് പകരം നിതീഷ് കുമാർ റെഡ്ഡിയേയും ഇന്ത്യ കളിപ്പിക്കാൻ സാധ്യതയുണ്ട്.

Read more

ഒന്നാം ടെസ്റ്റിൽ ഓൾറൗണ്ടർ എന്ന നിലയിൽ ടീമിൽ എത്തിയ താരത്തിന് കാര്യമായ പ്രകടനങ്ങളൊന്നും നടത്താൻ സാധിച്ചിരുന്നില്ല. വാഷിങ്ടൺ‌ സുന്ദറും നിതീഷ് കുമാറും എത്തുന്നതോടെ ഇന്ത്യൻ ടീമിൽ മൂന്ന് ഓൾറൗണ്ടർമാരാവും. ഇത് ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീമിനെ ഒരു ബാലൻസ്ഡ് ലൈനപ്പാക്കി മാറ്റും.