ധോണിയുടെ ഭാവി, ടീം പ്രഖ്യാപനം നീട്ടിവെച്ചു

മഹേന്ദ്ര സിംഗ് ധോണിയുടെ ഭാവിയെന്തെന്ന് അറിയാനുളള ക്രിക്കറ്റ് ലോകത്തിന്റെ കാത്തിരിപ്പ് നീളും. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് ബി.സി.സി.ഐ അറിയിച്ചിരുന്നെങ്കിലും അക്കാര്യം നീട്ടി വെച്ചിരിക്കുകയാണ്.

ഇന്ന് നടത്താനിരുന്ന ടീം പ്രഖ്യാപനം വരുന്ന ഞായറാഴ്ച ത്തേക്ക് മാറ്റിയതായി ബി.സി.സി.ഐ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇക്കാര്യം ബി.സി.സി.ഐ അധികൃതര്‍ പുറത്ത് വിട്ടത്. സുപ്രീം കോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റെ ഇടപെടലാണ് ടീം പ്രഖ്യാപനം നീട്ടാന്‍ കാരണം.

ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി മഹേന്ദ്ര സിംഗ് ധോണി ഏകദിന,ടി20 ക്രിക്കറ്റ് ടീമില്‍ ഇടംപിടിയ്ക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ധോണി വിരമിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണീയക അറിയിപ്പ് ഈ വാര്‍ത്താസമ്മേളനത്തില്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്.

മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ കളിക്കുക. വിരാട് കോഹ്ലി മൂന്ന് ഫോര്‍മ്മാറ്റുകളിലും ടീമിലുണ്ടാകുമെന്നും യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കുമെന്നുമാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.