ഇന്ത്യയുടെ ഡ്രസിംഗ് റൂമില്‍ ഐക്യമില്ല, രാഹുലും കോഹ്‌ലിയും രണ്ടു പക്ഷത്ത്

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിലൂടെത്തന്നെ ഇന്ത്യയുടെ ഡ്രസിംഗ് റൂമിലെ ഐക്യമില്ലായ്മ വെളിച്ചത്തായെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. നായകന്‍ കെഎല്‍ രാഹുലും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ ഐക്യമില്ലെന്നും മത്സരം ജയിക്കാന്‍ കുറച്ചുകൂടി ആവേശം ടീമിനാവശ്യമാണെന്നും കനേരിയ അഭിപ്രായപ്പെട്ടു.

‘ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിലൂടെത്തന്നെ ഇന്ത്യയുടെ ഡ്രസിംഗ് റൂമില്‍ ഐക്യമില്ലെന്ന് വ്യക്തമായതാണ്. വിരാട് കോഹ്‌ലിയും കെ എല്‍ രാഹുലും രണ്ട് പക്ഷത്തായാണ് ഇരുന്നത്. ക്യാപ്റ്റനായിരുന്നപ്പോഴുള്ള അതേ ആവേശമോ സന്തോഷമോ കോഹ്‌ലിയുടെ മുഖത്തില്ലായിരുന്നു. എന്നാല്‍ കോഹ്‌ലി ടീമിനെ ചേര്‍ത്തുപിടിക്കുന്ന താരമാണ്. അതുകൊണ്ട് തന്നെ അവര്‍ തിരിച്ചുവരും.’

Danish Kaneria

‘ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷം ഇന്ത്യ ഏകദിന പരമ്പര എന്ത് വിലകൊടുത്തും നേടണമെന്ന ഉറച്ച വാശിയില്‍ത്തന്നെയായിരുന്നു. എന്നാല്‍ രാഹുലിന് ഇതുവരെ ആ വാശി കാട്ടാനായിട്ടില്ല. ടെസ്റ്റ് പരമ്പരയിലും ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചെങ്കിലും ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ രാഹുലിനായിട്ടില്ല. ഇന്ത്യന്‍ താര്യങ്ങളുടെ ഫീല്‍ഡിംഗിലെ പിഴവും ആക്രമണോത്സകതയിലെ കുറവുമാണ് ദക്ഷിണാഫ്രിക്കയെ ആദ്യ ഏകദിനത്തില്‍ 296 എന്ന സ്‌കോറിലേക്കെത്തിച്ചത്.’

‘രാഹുല്‍ തന്റെ ബാറ്റിംഗും ക്യാപ്റ്റന്‍സിയും മെച്ചപ്പെടുത്തേണ്ടതായുണ്ട്. കുല്‍ദീപ്-ചഹാല്‍ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയില്‍ മികവ് കാട്ടിയതുപോലെ അശ്വിന്‍-ചഹാല്‍ കൂട്ടുകെട്ടിന് തിളങ്ങാനാവുന്നില്ല. വെങ്കടേഷ് അയ്യരെ ബോളിംഗിലും ഉപയോഗിക്കാനായില്ല. രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യ തെറ്റുകളില്‍ നിന്ന് പഠിക്കേണ്ടതായുണ്ട്. മത്സരം ജയിക്കാന്‍ കുറച്ചുകൂടി ആവേശം ടീമിനാവശ്യമാണ്’ കനേരിയ പറഞ്ഞു.