ബുംറയില്ലാതെ ഇന്ത്യ, ടി20 ലോക കപ്പും ആശങ്കയില്‍, കാരണം അറിയാം

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിക്കുകയുണ്ടായി. രോഹിത് ശര്‍മ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്ലിയും കെഎല്‍ രാഹുലും മടങ്ങിയെത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അസാന്നിധ്യം ടീം സെലക്ഷനെ ശ്രദ്ധേയമായിരിക്കുകയാണ്.

പേസ് കുന്തമുനയായ ജസ്പ്രീത് ബുംമ്രയുടെ അസാന്നിധ്യം ഇന്ത്യന്‍ ടീമിന്റെ ശക്തി കുറച്ചിട്ടുണ്ട് എന്ന് തന്നെ വേണം കരുതാന്‍. എന്നാല്‍ പരിക്കേറ്റ താരത്തെ എങ്ങനെ ടീമില്‍ ഉള്‍പ്പെടുത്താനാണ്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തെ ഏഷ്യാ കപ്പില്‍ നിന്നും ഒഴിവാക്കിയത്.

ബുംറയ്ക്ക് കുറച്ചുകാലമായി നടുവേദന അനുഭവപ്പെടുന്നുണ്ടെന്നും ടി20 ലോക കപ്പ് മുന്നില്‍ നില്‍ക്കെ കാര്യങ്ങള്‍ വഷളാകാതിരിക്കാനുള്ള മുന്‍ കരുതലാണ് ഇതെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ബുംറയ്ക്കു വിശ്രമം നല്‍കിയിരുന്നു. പുറംവേദന ടി20 ലോക കപ്പും ബുംറയില്‍ നിന്ന് തട്ടിയകറ്റുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.