നിര്‍ണായക മാറ്റങ്ങളുണ്ടാകും, ടീം ഇന്ത്യ ഇങ്ങനെ

ഹാമില്‍ട്ടനില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ടി20 ഇരുടീമുകളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പരമ്പര സ്വന്തമാക്കാനുളള സുവര്‍ണാവസരം എന്ന നിലയില്‍ ഇന്ത്യയ്ക്ക് ഈ മത്സരം പ്രാധാന്യം അര്‍ഹിയ്ക്കുമ്പോള്‍ തിരിച്ചുവരവാണ് ന്യൂസിലന്‍ഡ് ലക്ഷ്യം വെയ്ക്കുന്നത്. അതിനാല്‍ തന്നെ മത്സരം തീ പാറുമെന്ന്് ഉറപ്പ്.

ഇന്ത്യന്‍ ടീമില്‍ ബാറ്റിംഗ് നിരയില്‍ മാറ്റങ്ങളൊന്നുമുണ്ടാകില്ല എന്നാണ് സൂചന. അതേസമയം ബൗളിംഗില്‍ ചില പരീക്ഷണങ്ങള്‍ക്ക് ടീം ഇന്ത്യ മുതിര്‍ന്നേയ്ക്കും. യുവതാരം ഷര്‍ദുല്‍ താക്കൂറിന് പകരം നവ്ദീപ് സെയ്നി ഇന്ത്യന്‍ നിരയില്‍ കളിച്ചേക്കുമെന്നാണ് സൂചന.

രണ്ടാം ട്വന്റി20-യില്‍ ശര്‍ദുല്‍ താക്കൂറിന്റെ കൈകളിലേക്ക് കോഹ് ലി ന്യൂബോള്‍ നല്‍കിയിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡ് ഇന്നിംഗ്സിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വാരിയ ഓവറുകളിലൊന്നായി കീവീസ് ഇന്നിംഗ്സിലെ ആദ്യ ഓവര്‍ മാറി. വിക്കറ്റ് വീഴ്ത്താനായെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നത് നിയന്ത്രിക്കാന്‍ ശര്‍ദുലിന് സാധിച്ചിട്ടില്ല.

ശിവം ദുബെ പ്ലേയിങ് ഇലവനില്‍ വീണ്ടും ഇടംപിടിക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദറിന് വീണ്ടും മാറി നില്‍ക്കേണ്ടി വരും. വിക്കറ്റിന് പിന്നില്‍ രാഹുലിനെ തന്നെയാവും ഇന്ത്യ ഇറക്കുക. സഞ്ജുവിനും റിഷഭ് പന്തിനും ഇത്തവണയും സൈഡ് ബെഞ്ചിലാകും സ്ഥാനം. അതെസമയം മത്സരം ജയിക്കാനായാല്‍ ഓരോ മത്സരം വീതം കളിക്കാന്‍ ഇരുവര്‍ക്കും അവസരം ലഭിച്ചേക്കും.