ധവാന്റെ പകരക്കാരനെ പ്രഖ്യാപിക്കല്‍, വിവാദം കത്തുന്നു

ഇന്ത്യന്‍ ഏകദിന ടീമിലേക്ക് പരിക്കേറ്റ ശിഖര്‍ ധവാന്റെ പകരക്കാരനായി യുവതാരം പൃത്ഥി ഷായെ ഉള്‍പ്പെടുത്തിയ നടപടി വിവാദത്തില്‍. തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെക്കുന്ന ശുഭ്മാന്‍ ഗില്ലിനേയും, മായങ്ക് അഗര്‍വാളിനേയും തഴഞ്ഞ് പൃത്ഥി ഷായെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വിളിച്ചതാണ് വിവാദമായിരിക്കുന്നത്.

ന്യൂസിലാന്‍ഡ് എയ്ക്കെതിരെ പൃത്ഥി ഷാ സെഞ്ച്വറി ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഇതോടെയാണ് വിലക്ക് മൂലം ഏറെ നാള്‍ കളത്തിന് പുറത്തായ ഷായെ ഇന്ത്യന്‍ ടീമിലേക്ക് തിരികെ വിളിക്കാന്‍ ടീം ഇന്ത്യ തീരുമാനിച്ചത്. എന്നാല്‍ നിരവധി പേരാണ് ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്.

ലിസ്റ്റ് എ ക്രിക്കറ്റില്‍ പൃഥ്വി ഷായേക്കാള്‍ മികച്ച ബാറ്റിംഗ് ശരാശരിയുള്ള രണ്ട് താരങ്ങളെ മറികടന്നാണ് ഷായെ ടീമിലേക്ക് തിരിച്ചു വിളിച്ചത് എന്നതാണ് തീരുമാനം വിവാദമാകുന്നത്. 54 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 2234 റണ്‍സാണ് ശുഭ്മാന്‍ ഗില്ലിന്റെ സമ്പാദ്യം. 47.53 ബാറ്റിംഗ് ശരാശരിയുളള ഗില്‍ 11 അര്‍ദ്ധ സെഞ്ച്വറിയും 6 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

മായങ്ക് ആകട്ടെ 81 ഇന്നിംഗ്സില്‍ നിന്ന് നേടിയത് 3909 റണ്‍സ്. ബാറ്റിംഗ് ശരാശരി 50.11. സ്ട്രൈക്ക് റേറ്റ് 101.29. സെഞ്ച്വറി 13, അര്‍ദ്ധ സെഞ്ച്വറി 15.

27 ലിസ്റ്റ് എ ഇന്നിംഗ്സ് ആണ് ഇരുപതുകാരനായ പൃത്ഥി ഷായുടെ പേരിലുള്ളത്. നേടിയത് 44.25 എന്ന ബാറ്റിംഗ് ശരാശരിയില്‍ 1195 റണ്‍സ്. നാല് സെഞ്ചുറിയും ആറ് അര്‍ദ്ധ സെഞ്ച്വറിയുമാണ് പൃത്ഥിയുടെ അക്കൗണ്ടിലുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പ്ലേയിംഗ് ഇലവനിലേക്ക് എത്താനായില്ല. എന്നാല്‍ പിന്നീട് ഗില്ലിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.