സഞ്ജു നൂല്‍പാലത്തില്‍, ടീം ഇന്ത്യ ഇങ്ങനെ

ബംഗ്ലാദേശിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യന്‍ നിരയില്‍ സഞ്ജു സാംസണ്‍ കളിക്കാന്‍ സാദ്ധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നായകന്‍ രോഹിത്ത് ശര്‍മ്മയാണ് ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുന്നത്. ബാറ്റിംഗില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്നും ബൗളിംഗിലാണ് മാറ്റം പ്രതീക്ഷിക്കാവുന്നതെന്നും രോഹിത് വ്യക്തമാക്കി.

ഇതോടെ സഞ്ജുവിനായി ഇനിയും കാത്തിരിപ്പ് നീളുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. സഞ്ജുവില്ലാതെ രണ്ടാം ടി20യിലും ടീം ഇന്ത്യ ഇറങ്ങിയാല്‍ മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്ക് കടുത്ത നിരാശയ്ക്കാകും അത് ഇടവരുത്തുക.

ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ശിഖര്‍ ധവാന്‍ തന്നെയാവും എത്തുക. ആദ്യ മത്സരത്തില്‍ ടോപ് സ്‌കോററായെങ്കിലും ധവാന്റെ മെല്ലെപ്പോക്കിനെതിരെ ഗവാസ്‌കര്‍ അടക്കമുള്ള മുന്‍താരങ്ങള്‍ രംഗത്തു വന്നിരുന്നു. ആദ്യ ടി20യില്‍ പരാജയപ്പെട്ടെങ്കിലും കെ എല്‍ രാഹുല്‍ തന്നെയാകും വണ്‍ ഡൗണായി കളത്തിലറങ്ങുക.

നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി റിഷഭ് പന്തും എത്തുമ്പോള്‍ ആറാം നമ്പറില്‍ ക്രുനാല്‍ പാണ്ഡ്യക്ക് വീണ്ടും അവസരം ഒരുങ്ങിയേക്കും.

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ശിവം ദുബെയ്ക്ക് വീണ്ടും അവസരം നല്‍കിയേക്കും. ബാറ്റിംഗില്‍ ആഴം കൂട്ടുക എന്ന ലക്ഷ്യം കൂടിയുള്ളതിനാല്‍ ഓള്‍ റൗണ്ടറായ വാഷിംഗ്ടണ്‍ സുന്ദറാവും എട്ടാമനായി ക്രീസിലെത്തുക. ഇടവേളക്കുശേഷം യുസ്വേന്ദ്ര ചാഹലിനും അന്തിമ ഇലവനില്‍ അവസരം ഒരുങ്ങിയേക്കും.

പേസ് ബൗളിംഗിലാണ് പ്രതീക്ഷിക്കുന്ന ഏക മാറ്റം. ആദ്യ മത്സരത്തില്‍ നിറം മങ്ങിയ ഖലീല്‍ അഹമ്മദിന് പകരം ശര്‍ദ്ദുല്‍ ഠാക്കൂര്‍ പന്തെറിയാനെത്തും.