പൂജ്യനായി രോഹിത്ത് പുറത്ത്, ടീം ഇന്ത്യ ബാറ്റ് ചെയ്യുന്നു

ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാഗ്പൂരിലാണ് മത്സരം നടക്കുന്നത്.

മത്സരത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ നാല് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്ത് ശര്‍മ്മ പൂജ്യനായി മടങ്ങി. ധവാനും കോഹ്ലിയുമാണ് ക്രീസില്‍.

കഴിഞ്ഞ മത്സരത്തില്‍ വിജയം നേടിയ അതേ ടീമുമായിട്ടാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. സൂപ്പര്‍ ബാറ്റ്‌സമന്‍ ഷോണ്‍ മാര്‍ഷും സ്പിന്നര്‍ നഥാന്‍ ലിയോണും ഇന്ന് കളിക്കും. ആഷ്ടന്‍ ടര്‍ണറും ജേസണ്‍ ബെറെന്‍ഡോര്‍ഫുമാണ് പുറത്തായത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ടൂര്‍ണമെന്റിലുളളത്. ആദ്യ മത്സരം ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 236 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

നേരത്തെ ടി20 പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. 2-0ത്തിനാണ് ഓസ്‌ട്രേലിയയുടെ പരമ്പര വിജയം.