ഇന്ത്യ എങ്ങനെ ടെസ്റ്റ് റാങ്കിംഗില്‍ പിന്തള്ളപ്പെട്ടു? തലപുകയ്ക്കുന്ന ചോദ്യത്തിന് ഇതാ ഉത്തരം

ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ടാണ് ലോക ടെസ്റ്റ് റാങ്കിംഗില്‍ നിന്നും ഇന്ത്യന്‍ മേധാവിത്വം അവസാനിച്ചത്. മൂന്ന് വര്‍ഷം നീണ്ട ആധിപത്യമാണ് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയ തട്ടിയെടുത്തത്. ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

ഐസിസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ കളിച്ച പരമ്പരകളില്‍ ഇന്ത്യക്കു പരാജയം നേരിട്ടത് ഒന്നില്‍ മാത്രം. ന്യൂസിലാന്‍ഡിനെതിരേ അവസാനമായ കളിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലായിരുന്നു ഇത്. എന്നിട്ടും ഇന്ത്യക്കു എന്തുകൊണ്ടാണ് ഐസിസിയുടെ റാങ്കിംഗില്‍ ഇന്ത്യക്കു ഒന്നാംസ്ഥാനം നഷ്ടമായെന്നതാണ് ആരാധകരുടെ ചോദ്യം.

2017-18 സീസണ്‍ മുതലുള്ള ടെസ്റ്റ് പരമ്പരകളുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഐസിസി പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ 2016-17 മുതലുള്ള ടെസ്റ്റുകളും പരിഗണിച്ചിരുന്നു. ആ കാലയളവില്‍ 12 ടെസ്റ്റുകള്‍ ജയിച്ച ഇന്ത്യക്കു പരാജയം നേരിട്ടത് ഒന്നില്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ 2016-17 സീസണിലെ ഫലങ്ങള്‍ ഒഴിവാക്കിയത് ഇന്ത്യയുടെ റാങ്കിംഗിന് തിരിച്ചടിയാകുകയായിരുന്നു.

2016-17ല്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇന്ത്യ ഈ കാലയളവില്‍ കളിച്ച അഞ്ചു ടെസ്റ്റ് പരമ്പരകളിലും വെന്നിക്കൊടി പാറിച്ചിരുന്നു. എന്നാല്‍ ഓസീസ് ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ പരമ്പരകളില്‍ തോല്‍വിയേറ്റു വാങ്ങി.

201718 മുതല്‍ അവസാനമായി കളിച്ച പരമ്പര വരെ പരിഗണിച്ചപ്പോള്‍ ഇന്ത്യക്കു രണ്ടു റേറ്റിംഗ് പോയിന്റുകള്‍ നഷ്ടമായി. മറുഭാഗത്ത് ഈ സമയത്തു ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കു നേട്ടമാവുകയും ചെയ്തു. എട്ടു റേറ്റിംഗ് പോയിന്റ് ലഭിച്ചതോടെയാണ് ഓസീസ് പുതിയ റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തേക്കു കുതിച്ചത്. അഞ്ചു റേറ്റിംഗ് പോയിന്റ് ലഭിച്ച ന്യൂസിലാന്‍ഡ് രണ്ടാമതെത്തുകയും ചെയ്തു. ഇതോടെ ഇന്ത്യ ഒറ്റയടിക്ക് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

2016 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് ഇന്ത്യക്കു തലപ്പത്തു നിന്നു താഴേക്കു ഇറങ്ങേണ്ടി വന്നത്. 116 പോയിന്റോടെയാണ് പുതിയ റാങ്കിംഗില്‍ ഓസീസ് ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. ഒരു പോയിന്റ് മാത്രം പിറകിലായി ന്യൂസിലാന്‍ഡ് തൊട്ടുതാഴെയുണ്ട്. 114 പോയിന്റാണ് മൂന്നാമതുള്ള ഇന്ത്യയുടെ സമ്പാദ്യം. പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാരെ പരിഗണിക്കുമ്പോള്‍ ഓരോരുത്തരും തമ്മിലുള്ള വ്യത്യാസം വെറും ഒരു പോയിന്റ് മാത്രമാണ്.