അസുഖം മാറി ലോക കപ്പില്‍ പ്രമുഖര്‍ തിരിച്ചു വരുന്നു ; ഇന്ത്യയുടെ സെമിഫൈനല്‍ പ്രതീക്ഷയ്ക്ക് പക്ഷേ പുതിയ പണി കിട്ടി

അണ്ടര്‍ 19 ലോക കപ്പില്‍ കോവിഡ് തിരിച്ചടി നല്‍കിയെങ്കിലും സെമിഫൈനല്‍ പ്രതീക്ഷിച്ചു മുന്നേറുന്ന ഇന്ത്യയ്ക്ക് കോവിഡിന്റെ പണി വീണ്ടും. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിന് ശേഷം അനേകം താരങ്ങള്‍ക്കാണ് കോവിഡ് ബാധിച്ചത്. പകരക്കാരെ വെച്ച് കളിച്ചു ജയിച്ച ഇന്ത്യ ക്വാര്‍ട്ടറില്‍ ബംഗ്‌ളാദേശിനെതിരേ പോരിനിറങ്ങുന്നതിന് തൊട്ടു മുമ്പായി പഴയ നായകന് പകരമായി എത്തിയ പുതിയ നായകന്‍ ഉള്‍പ്പെടെയുള്ളവരാണ് പുതിയതായി കോവിഡിന്റെ പിടിയിലായത്.

ശനിയാഴ്ച ആന്റിഗ്വയിലെ ഓസ്‌ബോണില്‍ ബംഗ്‌ളാദേശിനെതിരേയാണ് ഇന്ത്യയുടെ മത്സരം. കോവിഡ് ബാധിച്ചു ഐസൊലേഷനില്‍ പോയ യാഷ് ദുള്ളിന് പകരം നായകനായ നിഷാന്ത് സിന്ധു ഉള്‍പ്പടെയുള്ളവര്‍ക്കാണ് പുതിയതായി കോവിഡ്. ഉഗാണ്ടയ്ക്ക് എതിരേയുള്ള അവസാന ലീഗ് മത്സരത്തിന് പിന്നാലെ കോവിഡ് പോസിറ്റീവായ സിന്ധുവിന് ശനിയാഴ്ച ബംഗ്‌ളാദേശിനെതിരേയുള്ള ക്വാര്‍ട്ടര്‍ നഷ്ടമാകും. അതേസമയം നേരത്തേ കോവിഡ് ബാധിതനായി പോയ യാഷ് ദുള്‍ തിരിച്ചു ടീമില്‍ എത്തും എന്നത് ആശ്വാസമാണ്. നിഷാന്ത് സിന്ധുവിന്റെ പകരക്കാരനായി ഇടംകയ്യന്‍ സ്പിന്നര്‍ അനീശ്വര്‍ ഗൗതത്തിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read more

ക്യാമ്പില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ആദ്യ ഇലവനെ കണ്ടെത്താന്‍ പാടുപെടുകയാണ് ഇന്ത്യന്‍ ടീം. ആദ്യ നായകന്‍ ദുള്ളിനൊപ്പം കോവിഡ് സ്ഥിരീകരിച്ച വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദ്, സിദ്ധാര്‍ത്ഥ് യാദവ്, ആരാധ്യ യാദവ്, മാനവ് പരേഖ് എന്നിവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ആയിട്ടുണ്ട്. ദുള്ളും കോവിഡ് ബാധിച്ച ടീമിലെ മറ്റു കളിക്കാരും ട്രിനിഡാഡില്‍ ഐസൊലേഷനിലായിരുന്നു. ശനിയാഴ്ച മത്സരമെന്നതിനാല്‍ ആവശ്യത്തിന് പരിശീലനത്തിന് പോലൂം സമയമില്ല.