6,6,6,6, വീണ്ടും യുവി; ഇന്ത്യന്‍ ലെജന്‍റ്സിന് തകര്‍പ്പന്‍ വിജയം

റോഡ് സേഫ്റ്റി ലോക ടി20 സീരീസില്‍ ദക്ഷിണാഫ്രിക്ക ലെജന്റ്‌സിനെതിരെ ഇന്ത്യ ലെജന്റ്സിനു 56 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിയക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 204 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കു ഏഴു വിക്കറ്റിന് 148 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

മത്സരത്തില്‍ യുവരാജും സച്ചിനും ഇന്ത്യയ്ക്കായി അര്‍ദ്ധ സെഞ്ച്വറി നേടി. സച്ചിന്‍ 37 ബോളില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്സറുമടക്കം 60 റണ്‍സ് നേടി. യുവി വെറും 22 ബോളില്‍ ആറു സിക്സറുകളുടെയും രണ്ടു ബൗണ്ടറികളുടെയും അകമ്പടിയില്‍ പുറത്താവാതെ 52 റണ്‍സ് നേടി.

Image

മത്സരത്തില്‍ യുവി തുടര്‍ച്ചയായി നാലു സിക്സറുകള്‍ പറത്തി. 18ാം ഓവറില്‍ സെന്‍ഡര്‍ ഡിബ്രുയ്നാണ് യുവിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. വ്യക്തിഗത സ്‌കോര്‍ 46ല്‍ നില്‍ക്കെ സിക്സര്‍ പറത്തിയാണ് യുവി ഫിഫ്റ്റി തികച്ചത്. എസ് ബദ്രിനാഥ് (42), യൂസുഫ് പഠാന്‍ (23), മന്‍പ്രീത് ഗോണി (16*) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വിരേന്ദര്‍ സെവാഗ് (6) മാത്രമാണ് നിരാശപ്പെടുത്തിയത്.

Image

ഓപ്പണ്‍മാരായ മോര്‍ഡനെ വാന്‍വിക്ക് (48), ആന്‍ഡ്രു പ്യുട്ടിക്ക് (41) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്‌കോറര്‍മാര്‍. മൂന്നു വിക്കറ്റെടുത്ത യൂസഫ് പഠാനും രണ്ടു വിക്കറ്റെടുത്ത യുവിയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ വരിഞ്ഞുകെട്ടിയത്.യുവിയാണ് മാന്‍ ഓഫ് ദ മാച്ച്.