ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തിന് തിരശീല. ഇന്നലെ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബോളിങ് കൊണ്ടും രണ്ടാമത് ബാറ്റിങ് കൊണ്ട് ഇന്ത്യ പാകിസ്താന് മേൽ പ്രഹരം ഏൽപിക്കുകയായിരുന്നു. മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയത് കുൽദീപ് യാദവാണ്. 4 ഓവറിൽ 18 റൺസ് വഴങ്ങി 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ടീമിനെ മുൻപിൽ നിന്ന് നയിച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 37 പന്തിൽ 5 ഫോറും 1 സിക്‌സും അടക്കം 47* റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. കൂടാതെ ഓപണർ അഭിഷേക് ശർമ്മ തിലക് വർമ്മ എന്നിവർ 31 റൺസ് വീതവും ശിവം ദുബൈ 10* റൺസും നേടി.
എന്നാൽ മത്സരശേഷം പാകിസ്ഥാൻ താരങ്ങൾ ഇന്ത്യൻ ടീമുമായി കൈകൊടുക്കാൻ നിന്നപ്പോൾ സൂര്യകുമാർ യാദവും ശിവം ദുബൈയും അത് നിരസിച്ച് നേരെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. മറ്റ് ഇന്ത്യൻ താരങ്ങളോ സ്റ്റാഫുകളോ ആരും തന്നെ കൈകൊടുക്കാൻ ഇറങ്ങി ചെന്നതുമില്ല. ഇതിനു ശേഷം പാകിസ്ഥാൻ താരങ്ങൾ ഇന്ത്യൻ ഡ്രസിങ് സൈഡിലേക്ക് കൈകൊടുക്കാൻ ചെന്നപ്പോൾ ഉടൻ തന്നെ ഡ്രസിങ് റൂം അടച്ച് ഇന്ത്യ മാസ്സ് മറുപടി നൽകി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.







