അടിച്ച് തകര്‍ത്ത് ഗപ്റ്റിലും ചാപ്മാനും; ന്യൂസിലാന്‍റിന് മികച്ച സ്കോര്‍

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ 165 റണ്‍സിന്റെ വിജയ ലക്ഷ്യം മുന്നോട്ടുവെച്ച് ന്യൂസിലാന്റ്. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് കിവീസ് 164 റണ്‍സ് നേടിയത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും മാര്‍ക്ക് ചാപ്മാന്റെയും അര്‍ദ്ധ സെഞ്ച്വറി കരുതിത്താലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 42 ബോളില്‍ 70 റണ്‍സെടുത്ത ഗപ്റ്റിലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 4 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഗപ്റ്റിലിന്റെ പ്രകടനം.

ചാപ്മാന്‍ 50 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 63 റണ്‍സെടുത്തു. ഗപ്റ്റിലിനൊപ്പം 109 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് ചാപ്മാന്‍ ക്രീസ് വിട്ടത്. ഇന്ത്യയ്ക്കായി അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ദീപക് ചഹാര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

Image

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്‍ സൂപ്പര്‍ താരം വെങ്കടേഷ് അയ്യറാണ് ടീമിലെ പുതുമുഖം. ശ്രേയസ് അയ്യര്‍, ഭുവനേശ്വര്‍ കുമാര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍ എന്നിവര്‍ ടീമില്‍ ഇടംനേടി.

Image

ഇന്ത്യ പ്ലെയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, വെങ്കിടേഷ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍റ് പ്ലെയിംഗ് ഇലവന്‍: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്സ്, ടിം സെയ്ഫെര്‍ട്ട്, റാച്ചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്നര്‍, ടിം സൗത്തി, ടോഡ് ആസില്‍, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്.