വൈറ്റ് വാഷിലെ നായക സ്പര്‍ശം, രോഹിത് ക്യാപ്റ്റന്‍സി കാഴ്ചപ്പാടുകള്‍ മാറ്റിയെഴുതുന്നു

 

ശങ്കര്‍ ദാസ്

T20 ഫോര്‍മാറ്റില്‍ വിന്‍ഡീസ് അന്നും ഇന്നും കരുത്തര്‍ തന്നെയാണ്. അവര്‍ക്കെതിരെ മുന്‍നിര താരങ്ങളില്‍ ചിലര്‍ ഇല്ലാതെ നേടിയ 3-0 വിജയം ആരാധകര്‍ക്ക് ഏറെ സന്തോഷിക്കാന്‍ വക നല്‍കുന്നു. സ്വന്തം നാട്ടിലായിരുന്നു മത്സരങ്ങള്‍ എന്നത് ഈ വിജയത്തിന്റെ പൊലിമ തെല്ലും കുറയ്ക്കുന്നില്ല.

ബാറ്റ് കൊണ്ട് കാര്യമായ സംഭാവന ഉണ്ടായിരുന്നില്ലെങ്കിലും രോഹിത് ശര്‍മ്മ എന്ന ക്യാപ്റ്റന്റെ സംഭാവന ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയില്ല. മറ്റ് ക്യാപ്റ്റന്‍മാരില്‍ നിന്നൊക്കെ വ്യത്യസ്തനായി താനൊരു ‘കോപ്പി ബുക്ക് സ്‌റ്റൈല്‍’ ക്യാപ്റ്റന്‍ അല്ല എന്ന് രോഹിത് വിളിച്ചോതി. ‘കോപ്പി ബുക്ക് ‘ എന്ന പ്രയോഗം ക്യാപ്റ്റന്‍സിക്ക് എത്രത്തോളം ചേരും എന്നറിയില്ലെങ്കിലും അങ്ങനെ പ്രയോഗിക്കാനാണ് എനിക്ക് തോന്നിയത്. രണ്ടാം ഏകദിനത്തില്‍ ഋഷഭ് പന്തിനെ ഓപ്പണര്‍ ആയി ഇറക്കിയതും ഇന്നലെ മൂന്നാം T20 യില്‍ ഓപ്പണിങ് കിഷനെയും ഋതുരാജിനെയും ഏല്പിച്ച് സ്വയം നാലാം നമ്പറിലേക്ക് ഇറങ്ങിയതും എല്ലാം ഇതിന്റെ ഉദാഹരണമാണ്.

കിഷനും ഗെയ്ക്ക് വാദും പ്ലെയിങ് ഇലവനില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇരുവരും ചേര്‍ന്ന് ഇന്നിംഗ്‌സ് തുടങ്ങിയത് ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു.അപ്പോഴും മൂന്നാം നമ്പറില്‍ രോഹിത് ആയിരിക്കും എന്ന് കരുതി. പക്ഷെ ഈ T20 പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച ശ്രേയസ്സ് അയ്യരിന് തന്നെ അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ നമ്പര്‍ 3 നല്‍കി രോഹിത് ഒരു സ്ഥാനം കൂടി താഴേക്കിറങ്ങുകയായിരുന്നു.

ടീം കോമ്പിനേഷനിലും ബാറ്റിംഗ് ഓര്‍ഡറിലും ബൗളിംഗ് റൊട്ടേഷനിലും എല്ലാം ഒരു രോഹിത് ടച്ച് ഉണ്ടായിരുന്നു.ചാഹലും ബിഷ്ണോയിയും, രണ്ട് പേരും ലെഗ് സ്പിന്നര്‍മാര്‍ ആണ് എന്നത് ഇരുവരെയും ഒരുമിച്ച് കളിപ്പിക്കാന്‍ ക്യാപ്റ്റന് തടസ്സമായില്ല. ലഭിച്ച 3 അവസരങ്ങളും ഇരു കയ്യും നീട്ടി സ്വീകരിച്ച ബിഷ്ണോയി ഇനി അങ്ങോട്ടുള്ള ഇന്ത്യയുടെ T20 സമവാക്യങ്ങളില്‍ താനും ഒരു നിര്‍ണായക ഘടകമായിരിക്കും എന്ന രീതിയിലുള്ള അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.

ഫുള്‍ ടൈം ക്യാപ്റ്റന്‍ ആയി ഇറങ്ങിയ ആദ്യ T20 പരമ്പരയ്ക്ക് ശേഷം തന്നെ ടീം ഇന്ത്യ ഒന്നാം റാങ്കില്‍ എത്തി എന്നതും ക്യാപ്റ്റന്‍ രോഹിത്തിന് ഇരട്ടിമധുരമായി. ഗാംഗുലി, ധോണി, വിരാട് തുടങ്ങിയവര്‍ക്കൊക്കെ ചേരുന്ന പിന്‍ഗാമിയായ രോഹിത് ശര്‍മ്മയ്ക്ക് ടീം ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിയട്ടെ.

 

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7