ട്രിനിഡാഡില്‍ മഴ കളിക്കുമോ?, കാലാവസ്ഥ പ്രവചനം

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വിജയത്തോടെ തന്നെ തുടങ്ങാനാവും ഇരുടീമുകളുടെയും ലക്ഷ്യമിടുക.

മത്സരത്തിന് വേദിയാകുന്ന ട്രിനിഡാഡില്‍ മഴ പെയ്യുമോ എന്നാണ് ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. ഇന്ത്യന്‍ ടീമിന്റെ പരിശീലനം മഴ കാരണം മുടങ്ങിയിരുന്നു. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇന്‍ഡോര്‍ നെറ്റ് സെഷനുകള്‍ എടുക്കേണ്ടി വന്നിരുന്നു.

എന്നാല്‍ ട്രിനിഡാഡില്‍ ഇന്ന് മഴയ്ക്ക് സാധ്യത കുറവാണെന്നാണ് കാലാവസ്ഥ പ്രവചനം. പകലും രാത്രിയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പകല്‍ സമയത്ത് 14 ശതമാനവും രാത്രിയില്‍ 24 ശതമാനവുമാണ് മഴയ്ക്കുള്ള സാധ്യത. ഈര്‍പ്പം പകല്‍ സമയത്ത് ഏകദേശം 70% ആയിരിക്കും, രാത്രിയില്‍ 83% ആയി ഉയരും.

ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവല്‍ സ്റ്റേഡിയം മികച്ച സ്‌കോറിംഗ് ഗ്രൗണ്ടാണ്. സ്റ്റേഡിയത്തിലെ ഏകദിനത്തിലെ ആദ്യ ഇന്നിംഗ്സിന്റെ ശരാശരി ടോട്ടല്‍ 217 ആണ്. സ്റ്റേഡിയത്തിലെ എക്കാലത്തെയും ഉയര്‍ന്ന സ്റ്റേഡിയം 2007-ല്‍ ഇന്ത്യ നേടിയ 413-5 ആണ്. സ്റ്റേഡിയം ഇതുവരെ 69 ഏകദിനങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

മല്‍സരങ്ങള്‍ ഡിഡി സ്പോര്‍ട്സിലാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ഫാന്‍കോഡ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും.