വീറു കാട്ടിയ രാഹുലിന് ഹസരങ്കയുടെ മറുപടി; മാതൃകാപരമെന്ന് ക്രിക്കറ്റ് പ്രേമികള്‍

ക്രിക്കറ്റ് കളത്തിലെ ആക്രമണോത്സുകത ബോര്‍മാരില്‍ പലരുടെയും മുഖമുദ്രയാണ്. മത്സരം ജയിപ്പിക്കാന്‍ പ്രാപ്തിയുള്ള ബാറ്റ്സ്മാനെ പുറത്താക്കിയശേഷം അല്‍പ്പം വീറോടെ അവര്‍ ആഘോഷിച്ചെന്നിരിക്കും. ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ലങ്കന്‍ ഓള്‍ റൗണ്ടര്‍ വാനിഡു ഹസരങ്കയെ മടക്കിയ ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചഹാര്‍ അല്‍പ്പം ദേഷ്യത്തോടെ തന്നെ പ്രതികരിച്ചു. അതിന് ഹസരങ്ക നല്‍കിയ മറുപടിയാണ് ഏവരുടെയും അഭിനന്ദനത്തിന് അര്‍ഹമായത്.

രാഹുല്‍ ചഹാര്‍ എറിഞ്ഞ കളിയുടെ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. രാഹുലിന്റെ അവസാന പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച ഹസരങ്ക പോയിന്റില്‍ ഭുവനേഷ് കുമാറിന്റെ കൈയില്‍ ഒതുങ്ങി. വിക്കറ്റ് വീണയുടന്‍ ആക്രോശിച്ചുകൊണ്ട് രാഹുല്‍ ഹസരങ്കയെ യാത്രയയച്ചു. കടന്നുപൊയ്ക്കോ എന്ന തരത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.

എന്നാല്‍ ബാറ്റില്‍ കൈകൊണ്ട് മുട്ടി ബോളറെ അഭിനന്ദിക്കുകയാണ് ഹസരങ്ക ചെയ്തത്. രണ്ട് ബൗണ്ടറിയടക്കം 15 റണ്‍സുമായി ഹസരങ്ക മടങ്ങിയെങ്കിലും ശ്രീലങ്ക വിട്ടുകൊടുത്തില്ല. നാല് വിക്കറ്റിന് ഇന്ത്യയെ കീഴടക്കി പരമ്പരയില്‍ ഒപ്പമെത്തിയാണ് ലങ്കന്‍ സിംഹങ്ങള്‍ കളംവിട്ടത്.