സഞ്ജുവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം; യുവ സ്പിന്നര്‍ക്കും അവസരം

ശ്രീലങ്കയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും പുറത്തിരുന്ന മലയാളി ബാറ്റ്സ്മാന്‍ സഞ്ജു വി. സാംസണ്‍ നാളത്തെ മത്സരത്തില്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിനൊപ്പം യുവ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഇടംപിടിക്കുമെന്നാണ് അറിയുന്നത്.

തുടര്‍ ജയങ്ങളിലൂടെ ഏകദിന ക്രിക്കറ്റ് പരമ്പര ഉറപ്പിച്ച ഇന്ത്യന്‍ ടീമിന് ഇനി പരീക്ഷണങ്ങള്‍ക്കുള്ള അവസരമാണ്. ടി20 ലോക കപ്പിനു മുന്‍പ് പരമാവധി താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ടീം മാനെജ്മെന്റിന്റെ തീരുമാനം. സഞ്ജുവിനെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഇഷാന്‍ കിഷന്‍ പുറത്തിരിക്കും.

സഞ്ജുവിനും ഇഷാനും ടീമില്‍ ഇടംനല്‍കിയാല്‍ മനീഷ് പാണ്ഡെ വഴിമാറിക്കൊടുക്കും. പരിക്കിന്റെ പേരിലാണ് സഞ്ജുവിനെ ഒന്നാം ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇഷാന്‍ തിളങ്ങിയതോടെ, പരിക്ക് ഭേദമായിട്ടും സഞ്ജുവിന് ടീമില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നു. അതിനാല്‍ത്തന്നെ ടീം മാനെജ്മെന്റ് സഞ്ജുവിനോട് നീതി പുലര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്.

സീനിയര്‍ സ്പിന്നറായ യുസ്വേന്ദ്ര ചഹല്‍ രണ്ട് ഏകദിനങ്ങളിലും കളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചഹലിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ വരുണ്‍ ചക്രവര്‍ത്തി ബൗളര്‍മാരുടെ നിരയില്‍ ഇടംപിടിക്കും. ടീമില്‍ മറ്റു മാറ്റങ്ങള്‍ക്ക് കാര്യമായ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു.