ലങ്കയ്‌ക്കെതിരായ ടി20 പരമ്പര; ദേവ്ദത്തിന് അരങ്ങേറ്റം, സഞ്ജു വിഷമിക്കും

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരക്ക് നാളെ തുടക്കമാകും. മൂന്ന് മത്സര ഏകദിന പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ടി20 പമ്പര നേടി മാനംകാക്കാനാകും ആതിഥേയരായ ശ്രീലങ്ക ഇറങ്ങുക. ഇന്ത്യന്‍ സമയം വൈകീട്ട് എട്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സോണി ചാനലുകളില്‍ മത്സരം തത്സമയം കാണാനാവും.

ടീമിലേക്ക് വന്നാല്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയേക്കുമെന്നാണ് കരുതുന്നത്. നായകന്‍ ശിഖര്‍ ധവാനൊപ്പം ദേവ്ദത്ത് ഓപ്പണറായി ഇറങ്ങിയേക്കും. പൃഥ്വി ഷായെ ഇംഗ്ലണ്ടിലേക്ക് പകരക്കാരനായി അയക്കാന്‍ തീരുമാനിച്ചിരിക്കുന്നതും ദേവ്ദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

വിക്കറ്റ് കീപ്പറിന്‍രെ കാര്യത്തിലാണ് ആശങ്ക നിലനില്‍ക്കുന്നത്. സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ഇതിനായി നേര്‍ക്കുനേരുള്ളത്. രണ്ടു പേരും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നതിനാല്‍ ആരാവും പ്ലേയിംഗ് ഇലവനില്‍ ഇടംനേടുക എന്നത് പ്രവചനാതീതമാണ്.

മൂന്നു പേസര്‍മാെേര ഉള്‍പ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അരങ്ങേറ്റത്തില്‍ രണ്ട് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ചേതന്‍ സാകരിയയ്ക്ക് ടീമില്‍ ഇടം ലഭിച്ചേക്കും. അല്ലാത്ത പക്ഷം ദീപക് ചഹാറിനും ഭുവനേശ്വര്‍ കുമാറിനുമാവും അവസരം. സ്പിന്‍ നിരയില്‍ യുസ്‌വേന്ദ്ര ചഹലിനൊപ്പം വരുണ്‍ ചക്രവര്‍ത്തി ഇടംപിടിച്ചേക്കും.

ഇന്ത്യ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാര്‍, വരുണ്‍ ചക്രവര്‍ത്തി, ചേതന്‍ സാകരിയ.