പരിഹസിച്ചവര്‍ക്ക് പന്തിന്റെ 'സെഞ്ച്വറി' മറുപടി, ധോണിയുടെ റെക്കോഡ് തെറിപ്പിച്ചു

എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലേക്കു വന്ന താരമാണ് റിഷഭ് പന്ത്. എന്നാല്‍ ധോണിയുമായുള്ള താരതമ്യത്തിന്റേ പേരില്‍ തുടക്കത്തില്‍ താരത്തിന് ഏറെ പരിഹാസങ്ങളാണ് കേള്‍ക്കേണ്ടിവന്നത്. കീപ്പിംഗിലെ പിഴവ് തന്നെയായിരുന്നു കാരണം. ഇപ്പോഴിതാ കളിയാക്കിയവരെ നിശ്ശബ്ദരാക്കി ധോണിയുടെ റെക്കോഡ് തന്നെ മറികടന്നിരിക്കുകയാണ് പന്ത്.

ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 100 പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്. തന്റെ 26ാം ടെസ്റ്റിലാണ് പന്ത് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. 36 ടെസ്റ്റുകളില്‍ നിന്ന് 100 പേരെ പുറത്താക്കിയ ധോണിയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോഡ്. ഇതാണ് പന്ത് മറികടന്നിരിക്കുന്നത്.

Rishabh Pant record: Ind vs SA: Rishabh Pant completes 100 dismissals in Test cricket, breaks MS Dhoni's record in Centurion Test | Cricket News

മുഹമ്മദ് ഷമിയുടെ പന്തില്‍ ടെംബ ബവുമയുടെ ക്യാച്ചെടുത്തതിലൂടെയാണ് പന്ത് ഈ നേട്ടത്തിലെത്തിയത്. 92 ക്യാച്ചുകളും എട്ട് സ്റ്റമ്പിംഗുകളുമടക്കമാണ് പന്ത് വിക്കറ്റിനു പിന്നില്‍ സെഞ്ച്വറി തികച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 130 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പിടിച്ചു. ആതിഥേയരെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ വെറും 197 റണ്‍സിന് എറിഞ്ഞിട്ടു. ഒന്നാം വട്ടത്തില്‍ ഇന്ത്യ 327 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

പേസര്‍മാരുടെ ഉശിരന്‍ പ്രകടനമാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കുമേല്‍ മികച്ച ലീഡ് സമ്മാനിച്ചത്. അഞ്ചു വിക്കറ്റ് പിഴുത മുഹമ്മദ് ഷമി ഇന്ത്യന്‍ പേസ് ആക്രമണത്തെ നയിച്ചു. ജസ്പ്രീത് ബുംറയ്ക്കും ഷാര്‍ദുല്‍ താക്കൂറിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. മുഹമ്മദ് സിറാജ് ഒരു ഇരയെ കണ്ടെത്തി.