രക്ഷകനായി പന്ത്, ക്ഷമയുടെ നെല്ലിപ്പലക കണ്ട് കോഹ്‌ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കര കയറുന്നു. രണ്ടിന് 57 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ബോഡില്‍ ഒരു റണ്‍ മാത്രം കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് ക്രീസിലൊത്തു ചേര്‍ന്ന വിരാട് കോഹ്‌ലിയും ഋഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ കരയേറ്റുകയാണ്.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ കോഹ്‌ലി ക്ഷമയോടെയാണ് ബാറ്റ് ചെയ്യുന്നത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ്. 60 ബോള്‍ നേരിട്ട പന്ത് 51* റണ്‍സ് എടുത്തിട്ടുണ്ട്. നാല് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയിലാണ് പന്തിന്റെ ഫിഫ്റ്റി. 127 ബോള്‍ നേരിട്ട കോഹ്‌ലി 28* റണ്‍സാണ് നേടിയിരിക്കുന്നത്. നിലവില്‍ 143 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

ചേതേശ്വര്‍ പൂജാര (9), അജിങ്ക്യ രഹാനെ (1) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായത്. 9 റണ്‍സെടുത്ത പൂജാരെയാണ് ആദ്യം നഷ്ടമായത്. പിന്നാലെ എത്തിയ രഹാനെയ്ക്ക് 9 ബോള്‍ മാത്രമേ ആയുസുണ്ടായുള്ളു. പൂജാരയെ ജാന്‍സണ്‍ മടക്കിയപ്പോള്‍ രഹാനെയെ റബാഡ വീഴ്ത്തി.

Image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായകമായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ആതിഥേയരെ 210 റണ്‍സിന് പുറത്താക്കിയിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ 13 റണ്‍സിന്റെ നേരിയ ലീഡ് സ്വന്തമാക്കിയ ഇന്ത്യയ്ക്ക്, രണ്ടാം ഇന്നിംഗ്‌സില്‍ 24 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു.

കെ.എല്‍. രാഹുല്‍ 22 പന്തില്‍ 10 റണ്‍സെടുത്ത് മാര്‍ക്കോ ജാന്‍സണും മയാങ്ക് അഗര്‍വാള്‍ 15 പന്തില്‍ ഏഴു റണ്‍സെടുത്ത് റബാഡയ്ക്കും വിക്കറ്റ് സമ്മാനിച്ചു.