ഭാഗ്യം ന്യൂസിലാന്‍ഡിന് ഒപ്പം, ഒരു വിക്കറ്റില്‍ തൂങ്ങിക്കിടന്ന് സമനില പിടിച്ച് കിവീസ്

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 284 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സന്ദര്‍ശകര്‍ അഞ്ചാം ദിനം 9 വിക്കറ്റ് നഷ്ടപ്പെടുത്തി 165 റണ്‍സെടുത്തു നില്‍ക്കെ വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ജഡേജ നാല് വിക്കറ്റും അശ്വിന്‍ മൂന്ന് വിക്കറ്റും അക്ഷര്‍ പട്ടേല്‍ ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച കിവീസിന് മികച്ച തുടക്കമാണ് ടോം ലാഥവും വില്‍ സോമര്‍വില്ലെയും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ ഉച്ചഭക്ഷണത്തിന് ശേഷം സോമര്‍വില്ലെ പുറത്തായി. 36 റണ്‍സെടുത്ത താരത്തെ ഉമേഷ് യാദവ് ശുഭ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു.

രണ്ടാം ഇന്നിംഗ്സിലും ടോം ലാഥം അര്‍ദ്ധ സെഞ്ചുറി നേടി. എന്നാല്‍ അര്‍ദ്ധ സെഞ്ചുറി നേടിയശേഷം ലാഥത്തിന് പിടിച്ചുനില്‍ക്കാനായില്ല. 146 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത ലാഥത്തിന്റെ വിക്കറ്റ് അശ്വിന്‍ പിഴുതെടുത്തു. 112 ബോള്‍ നേരിട്ട് കെയ്ന്‍ വില്യംസണ്‍ പ്രതിരോധം തീര്‍ത്തെങ്കിലും ജഡേജയുടെ ബോളില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്തായി. 24 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം.

Image

റോസ് ടെയ്ലര്‍ക്കും അധികം ആയുസുണ്ടായിരുന്നില്ല. 24 പന്തില്‍ രണ്ട് റണ്‍സെടുത്ത ടെയ്ലറെ രവീന്ദ്ര ജഡേജ വിക്കറ്റിന് പിന്നില്‍ കുരുക്കി. പിന്നാലെ ഹെന്‍ട്രി നിക്കോള്‍സും ക്രീസ് വിട്ടു. നാല് പന്ത് നേരിട്ട് ഒരു റണ്ണെടുത്ത നിക്കോള്‍സിനെ അക്സര്‍ പട്ടേല്‍ പുറത്താക്കി. സമനിലക്കായി ശ്രമിച്ച ടോം ബ്ലന്‍ഡലും കെയ്ല്‍ ജമെയ്സണും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണതോടെ ന്യൂസിലാന്‍ഡ് തോല്‍വി മുന്നില്‍ കണ്ടു. എന്നാല്‍ അവസാന വിക്കറ്റില്‍ അജാസ് പട്ടേലും രചിന്‍ രവീന്ദ്രയും  ഇന്ത്യന്‍ ബോളിംഗ് നിരയെ പ്രതിരോധിച്ച് നിന്ന് സമനില പിടിക്കുകയായിരുന്നു. 52 ബോളുകളാണ് ഇരുവരും ചേര്‍ന്ന് പ്രതിരോധിച്ചത്. രവീന്ദ്ര 91 ബോള്‍ നേരിട്ട് 18 റണ്‍സെടുത്തു. അജാസ് 23 ബോള്‍ പ്രതിരോധിച്ച് 2 റണ്‍സെടുത്തു.