തകര്‍ത്തടിച്ച് ലാതം, പിന്തുണച്ച് വില്യംസണ്‍; വീഴ്ത്താന്‍ ആയുധങ്ങളില്ലാതെ ഇന്ത്യ

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് തോല്‍വി. ഇന്ത്യ മുന്നോട്ടുവെച്ച 307 റണ്‍സ് വിജയലക്ഷ്യം 47.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ടോം ലാതമിന്‍റെ സെഞ്ച്വറിയും നായകന്‍ കെയ്ന്‍ വില്യംസണിന്റെ അര്‍ദ്ധ സെഞ്ച്വറിയുമാണ് കിവീസ് ജയം അനായാസമാക്കിയത്.

ടോം ലാതം 104 ബോളില്‍ 145 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 19 ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. വില്യംസണ്‍ 98 ബോളില്‍ 94 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഫിന്‍ അലെന്‍ 22, കോണ്‍വെ 24, ഡാരില്‍ മിച്ചെല്‍ 11 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ച് ഉമ്രാന്‍ മാലിക് 10 ഓവറില്‍ 66 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മറ്റൊരു അരങ്ങേറ്റ കളിക്കാരന്‍ അര്‍ഷ്ദീപ് സിംഗ് 8.1 ഓവറില്‍ 68 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായില്ല. ശര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Read more

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ധവാന്‍, ശുഭമാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ മികച്ച ഇന്നിങ്സുകളുടെ ബലത്തിലും സഞ്ജുവിന്റേയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും ചെറിയ വെടിക്കെട്ടുകളുടെയും ബലത്തിലാണ് ഇന്ത്യ 306 റണ്‍സില്‍ എത്തിയത്.