ഇംഗ്ലണ്ടിനെതിരെ ലോർഡ്സിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 22 റൺസ് തോൽവി. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 193 റൺസിലേക്ക് അവസാന ദിനം 58ന് നാല് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യൻ നിര 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലീഷ് പേസർമാരുടെ മിന്നും ബോളിംഗാണ് ഇന്ത്യയെ തച്ചുടച്ചത്. ജയത്തോടെ പരമ്പരയിൽ ആതിഥേയർ 2-1 ന് മുന്നിലെത്തി.
കെഎൽ രാഹുലിന്റെ ബാറ്റിംഗ് മികവും രവീന്ദ്ര ജഡേജയുടെ ചെറുത്തുനിൽപ്പും ബോളർമാരുടെ പ്രകടനവുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ രാഹുൽ രണ്ടാം ഇന്നിംഗ്സിൽ 39 റൺസെടുത്ത് പുറത്തായി. അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ. താരം 181 പന്ത് നേരിട്ട് 61* റൺസെടുത്ത് പുറത്താകാതെ നിന്നു.
എന്നാൽ മത്സരത്തിനിടയിൽ ഇന്ത്യൻ ബാറ്റർ നിതീഷ് കുമാർ റെഡ്ഡിയെ ചൊറിഞ്ഞ് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. മത്സരത്തിന്റെ അഞ്ചാം ദിവസം ആദ്യ സെഷനിലാണ് ബ്രൂക്കിന്റെ വാക്കുകൾകൊണ്ടുള്ള ആക്രമണം. നീ ആരാണെന്നാണ് നിന്റെ വിചാരമെന്ന് ബാറ്റ് ചെയ്തുകൊണ്ടിരുന്ന നിതീഷിനോട് ബ്രൂക്ക് ചോദിച്ചു. ‘നമ്മൾ ഒരുമിച്ച് ഐപിഎല്ലിൽ സൺറൈസേഴ്സ് ടീമിലായിരുന്നത് ഞാൻ ഓർക്കുന്നു. അന്ന് നീ ഒരിക്കൽപോലും എന്നോട് സംസാരിച്ചിട്ടില്ലല്ലോ.’ ബ്രൂക്ക് നിതീഷ് റെഡ്ഡിയോട് പറഞ്ഞു.
Read more
ഇവിടെയും നിർത്തുവാൻ ബ്രൂക്ക് തയ്യാറായില്ല. ഇത് ഐപിഎൽ അല്ലെന്നും ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ട റൺസ് മുഴുവനും രവീന്ദ്ര ജഡേജ അടിച്ചെടുക്കേണ്ടി വരുമെന്നും ബ്രൂക്ക് നിതീഷിനോട് പറഞ്ഞു. സ്റ്റംപ് മൈക്കിലാണ് ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ പ്രതിഫലിച്ചത്.