നിര്‍ണായക മത്സരവും തോറ്റു; ഓസീസിന് മുന്നില്‍ പരമ്പര അടിയറവുവെച്ച് ഇന്ത്യ

ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 51 റണ്‍സിന്റെ തോല്‍വി. ഓസീസ് മുന്നോട്ടുവെച്ച 390 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ ആയുള്ളു. 87 ബോളില്‍ 89 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

കെ.എല്‍ രാഹുല്‍ 66 ബോളില്‍ 76 റണ്‍സെടുത്തു. മായങ്ക് അഗര്‍വാള്‍ 28 ഉം ധവാന്‍ 30 ഉം ശ്രേയസ് അയ്യര്‍ 38 ഉം പണ്ഡ്യ 28 ഉം ജഡേജ 24 റണ്‍സും എടുത്തു. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹെയ്സല്‍വുഡ്, സാംപ എന്നിവര്‍ രണ്ടു വീതവും മോയിസ് ഹെന്റിക്വസ്, മാകസ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ മുന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഓസീസ് 66 റണ്‍സിന് വിജയിച്ചിരുന്നു.

Image

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രമുഖ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ ഓസീസ് 4 വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സ് അടിച്ചെടുത്തു. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി മികവിലാണ് ഓസീസ് കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചത്. 64 ബോള്‍ നേരിട്ട ഫിഞ്ച് 104 റണ്‍സെടുത്തു. രണ്ട് സിക്‌സും 14 ഫോറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ പ്രകടനം. ആദ്യ ഏകദിനത്തിലും സ്മിത്ത് സെഞ്ച്വറി നേടിയിരുന്നു.

വാര്‍ണറും ഫിഞ്ചും ചേര്‍ന്ന് മികച്ച തുടക്കമാണ് ഓസീസിന് സമ്മാനിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 142 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. വാര്‍ണര്‍ 77 ബോളില്‍ 83 റണ്‍സും (3 സിക്‌സ് 7 ഫോര്‍) ഫിഞ്ച് 69 ബോളില്‍ 60 റണ്‍സും (1 സിക്‌സ് 6 ഫോര്‍) നേടി. മാര്‍നസ് ലബുഷെയ്ന്‍ 61 ബോളില്‍ 70 റണ്‍സ് നേടി.

Image

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യന്‍ ബോളര്‍മാരെ കണക്കിന് പ്രഹരിച്ചു. 29 ബോള്‍ നേരിട്ട മാക്‌സ്‌വെല്‍ 4 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 63 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷമി, ബുംറ, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.