അക്കാര്യങ്ങള്‍ സംഭവിച്ചാല്‍ ധോണി അടുത്ത വര്‍ഷവും ഐപിഎല്‍ കളിക്കും; വെളിപ്പെടുത്തലുമായി റെയ്‌ന

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷവും എംഎസ് ധോണി ഇപ്പോഴും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ത്യന്‍ ടീമിന് ലഭിച്ചതില്‍വെച്ചും ഏറ്റവും മികച്ച നായകന്മാരില്‍ ഒരാളാണ്. ഇതിഹാസം തന്റെ 41 വയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ ഇത് വരുന്ന ഐപിഎല്‍ ടൂര്‍ണമെന്റ് താരത്തിന്റെ അവസാന സീസണായിരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ധോണിയുടെ ഫോം ശക്തമാണെങ്കില്‍ ഐപിഎല്‍ 2024 ലും താരം കളിച്ചേക്കുമെന്ന് അവകാശപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് സുരേഷ് റെയ്‌ന.

സുരേഷ് റെയ്ന കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ നിന്ന് വിരമിച്ചിരുന്നു. 2023 ലെ ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ (എല്‍എല്‍സി) ഇന്ത്യ മഹാരാജാസിന് വേണ്ടിയാണ് അദ്ദേഹം ഇപ്പോള്‍ കളിക്കുന്നത്. വേള്‍ഡ് ജയന്റ്സിനെതിരായ മത്സരത്തിന് ശേഷം ഒരു അഭിമുഖത്തിനിടെ, ഐപിഎല്‍ 2023 ലെ ഫോമിലും ഫിറ്റ്നസിലുമായിരിക്കും ധോണിയുടെ വരും സീസണ്‍ നിശ്ചയിക്കപ്പെടുക എന്ന് റെയ്ന വെളിപ്പെടുത്തി.

അടുത്ത വര്‍ഷവും ധോണി ഐപിഎല്‍ കളിച്ചേക്കും. അവന്റെ ഫോം മികച്ചതാണ്, അവന്‍ നന്നായി ബാറ്റ് ചെയ്യുന്നു. ഇതെല്ലാം സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് തിരിച്ചുവരുമ്പോള്‍ കാര്യങ്ങള്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും- റെയ്‌ന പറഞ്ഞു.

താന്‍ മിക്കപ്പോഴും ധോണിയുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും അഭിമുഖത്തിനിടെ റെയ്ന പറഞ്ഞു. ”ധോണി ചെന്നൈയില്‍ കഠിന പരിശീലനത്തിലാണ്, അദ്ദേഹത്തിന്റെ ചില സമീപകാല വീഡിയോകളില്‍ നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും,” മുന്‍ സിഎസ്‌കെ താരം പറഞ്ഞു.