ക്രിക്കറ്റ് മതമായി കണ്ട ഒരു ജനതയുടെ ദൈവം സച്ചിനായിരുന്നെങ്കില്‍, അവരുടെ കാവല്‍മാലാഖ ദ്രാവിഡായിരുന്നു

ക്ലീറ്റസ് നീലങ്കാവില്‍

1996 ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ആയിരുന്നു ദ്രാവിഡിന്റെ അരങ്ങേറ്റം. നാടകീയമായിരുന്നു അത്. അവസാന ഇലവനില്‍ ഉണ്ടോയെന്ന് ടോസിന് തൊട്ടു മുമ്പ് വരെ അറിയാത്ത അവസ്ഥ. ഇന്ത്യന്‍ ടീമിലെ അന്നത്തെ ഏറ്റവും സാങ്കേതികതികവുള്ള ബാറ്റ്സ്മാന്‍ സഞ്ജയ് മഞ്ജരേക്കര്‍ പരിക്കിന്റെ പിടിയിലാണ്. അദ്ദേഹം ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ മാത്രം ടീമില്‍ കേറാം. അതിന്റെ റിസള്‍ട്ട് വന്നിട്ടുമില്ല.

ടോസിന് 10 മിനിറ്റിന് മുമ്പ് മാത്രമാണ് അന്നത്തെ കോച്ച് സന്ദീപ് പാട്ടില്‍, ദ്രാവിഡിനോട് ടീമില്‍ ഉള്ള കാര്യം പറയുന്നത്. അന്ന് തൊട്ട് ഇന്ന് വരെ, ദ്രാവിഡ് നിര്‍ണായക ഘട്ടങ്ങളില്‍ ഒക്കെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ആണ്. ഓപ്പണര്‍ ആകാനും, കീപ്പര്‍ ആകാനും, ക്യാപ്റ്റന്‍ ആകാനും, കോച്ച് ആകാനും വിളിച്ചാല്‍ വിളിപ്പുറത്തുള്ള ഇന്ത്യയുടെ മതില്‍ വന്‍മതില്‍.

Haven't seen a better player in life than Dravid: Swann - GulfToday

അപാരമായ മനഃസാന്നിദ്ധ്യം, അനിഷേധ്യമായ നിശ്ചയദാര്‍ഢ്യം, അളന്നു കുറിച്ച സാങ്കേതികത, സര്‍വോപരി ഏതു പന്തിനെയും വരുതിയിലാക്കുന്ന ബാറ്റിംഗ് പാടവം. ലോകത്തിലെ ഏതൊരു ബോളര്‍ക്കും സച്ചിന്‍ ഒരു മോഹിപ്പിക്കുന്ന വിക്കറ്റ് ആയിരുന്നെങ്കില്‍, ദ്രാവിഡ് ഒരു ദാഹിക്കുന്ന വിക്കറ്റ് ആയിരുന്നു. ഓഫ് സ്റ്റമ്പില്‍ നിരന്തരം പന്തെറിഞ്ഞ് ബാറ്റ്‌സ്മാന്റെ വിക്കറ്റുകള്‍ കൊയ്തിരുന്ന അക്കാലത്തെ ബോളര്‍മാര്‍ പക്ഷെ, ഓഫ് സ്റ്റമ്പില്‍ വരുന്ന പന്തുകളെ മൈന്‍ഡ് പോലും ചെയ്യാത്ത ഈ ബാറ്റ്‌സ്മാന്റെ മുമ്പില്‍ അത്ഭുതത്തോടെയും, ഒട്ടൊരു നിരാശയോടെയും നിന്നു.

How Rahul Dravid, the consummate team man, 'kept' his place in India's ODI side

മോശം പന്തുകള്‍ക്ക് അര്‍ഹതപ്പെട്ട കൂലി നല്‍കാനും ദ്രാവിഡ് മടിച്ചതുമില്ല. കോപ്പി ബുക്കിനെ വെല്ലുന്ന സ്‌ക്വയര്‍ ഡ്രൈവുകളും, കട്ട് ഷോട്ടുകളും, പുള്ളുകളും ആ ബാറ്റില്‍ നിന്ന് ധാര, ധാരയായി ഒഴുകി. സാക്ഷാല്‍ സച്ചിന് ശേഷം, ടെസ്റ്റ് ക്രിക്കറ്റില്‍, ഒരു ബാറ്റ്‌സ്മാന്റെ ഉദയം ഇന്ത്യന്‍ ജനത നോക്കി കണ്ടു. പെരുന്തച്ചനെ വെല്ലുന്ന മകനെ പോലെ, ചിലപ്പോളൊക്കെ ദ്രാവിഡ് സച്ചിനെ അതിശയിച്ചു. സച്ചിന്‍ വീണാല്‍ കൂടെ വീഴുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിരയെ, ദ്രാവിഡ് നിവര്‍ന്ന് നില്‍ക്കാന്‍ പഠിപ്പിച്ചു.

Bat till the end like THE WALL did' – AAP exemplifies Rahul Dravid on following lockdown rules

സച്ചിനൊപ്പവും, ഗാംഗുലിക്കൊപ്പവും,  ലക്ഷ്മനൊപ്പവും ഒക്കെയുള്ള ദ്രാവിഡിന്റെ കെമിസ്ട്രി ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് പടയോട്ടങ്ങളില്‍ ഊടും,പാവുമായി. ഇത്രയും പാര്‍ട്ണര്‍ഷിപ്പുകളില്‍ ഇത്രയും റണ്‍സ് വാരിയ ബാറ്റ്സ്മാന്‍ വേറെ ആരുള്ളൂ! ടെന്‍ഷന്‍ കൂടാതെ, വിക്കറ്റ് പോകുമെന്ന പേടി കൂടാതെ തങ്ങളുടെ സ്വതസിദ്ധമായ കളി കളിക്കാം എന്നത് പാര്‍ട്ണര്‍ ഷിപ്പുകളില്‍ ദ്രാവിഡ് ഉണ്ടാകുമ്പോള്‍ ഉള്ള അഡ്വാന്റേജ് ആണ്.

Rahul Dravid to coach Indian limited-overs teams in Ravi Shastri's absence on Sri Lanka tour to coach Indian limited-overs team on Sri Lankan tour - Sports News

ക്യാപ്റ്റന്റെ ഭാഗ്യമായിരുന്നു ദ്രാവിഡ്. ഏതു ജോലിയും വിശ്വസിച്ച് ഏല്പിക്കാവുന്ന കംപ്ലീറ്റ് ടീം മാന്‍. മുറുമുറുക്കലുകള്‍ ഇല്ല, പരിഭവങ്ങള്‍ ഇല്ല.. ബാറ്റിംഗ് ഗ്ലൗസും, കീപ്പിംഗ് ഗ്ലൗസും ടീമിന് വേണ്ടി അയാള്‍ ഒരേ ലാഘവത്തോടെ അണിഞ്ഞു. ഒന്നു മുതല്‍ 7 വരെയുള്ള എല്ലാ പൊസിഷനിലും പരിഭവങ്ങളില്ലാതെ ബാറ്റ് പിടിച്ചു. കരിയറിന്റെ അവസാനം വന്ന ക്യാപ്റ്റന്‍സി കൈ നീട്ടി സ്വീകരിച്ചു.

Rahul Dravid birthday | Happy Birthday, Rahul Dravid! A look at 3 memorable Test knocks by current India head coach | Cricket News

കരിയര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാന്‍ അറിയുന്ന കുട്ടികള്‍ക്കെല്ലാം പ്രിയപ്പെട്ട ബാറ്റിംഗ് ഗുരുവായി. ദേശീയ കളിക്കാര്‍ക്കും, രഞ്ജി കളിക്കാര്‍ക്കും, അണ്ടര്‍ 19 കാര്‍ക്കുമെല്ലാം ബാറ്റിംഗില്‍ ഒരു തളര്‍ച്ച വരുമ്പോള്‍ ഓടിയെത്താവുന്ന അഭയസ്ഥാനമായി. ക്രിക്കറ്റ് മതമായി കണ്ട ഒരു ജനതയുടെ ദൈവം സച്ചിനായിരുന്നെങ്കില്‍, അവരുടെ കാവല്‍മാലാഖ ആയിരുന്നു ദ്രാവിഡ്. ഏതു ആപത്തിലും നിന്നു അവരെ രക്ഷിക്കുന്ന കാവല്‍മാലാഖ.. ജന്മദിനാശംസകള്‍….

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7