"റാഞ്ചിയിലെ ക്രിസ് ഗെയ്‌ലിനെ ആരും തിരഞ്ഞെടുത്തില്ലെങ്കിൽ ഞങ്ങൾ അവനെ വാങ്ങും" യുവതാരത്തിന് വേണ്ടി ധോണി പിതാവിന് കൊടുത്ത വാഗ്ദാനം ഇങ്ങനെ; പക്ഷെ ലേലത്തിൽ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്

സൈനികനായി വിരമിച്ച ഫ്രാൻസിസ് സേവ്യർ മിൻസ് റാഞ്ചി വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ് ഇപ്പോൾ . 21 വയസ്സുള്ള അദ്ദേഹത്തിന്റെ മകൻ റോബിനെ മുംബൈ ഇന്ത്യൻസുമായുള്ള ലേലത്തിന് ശേഷം ഗുജറാത്ത് ടൈറ്റൻസ് 3.60 കോടി രൂപയ്ക്ക് വാങ്ങുക ആയിരുന്നു. മകന് വേണ്ടിയുള്ള ലേലം ആവേശകരമായി നടക്കുന്ന സമയത്ത് ഫ്രാൻസിസ് സേവ്യർ ജോലിയിൽ ആയിരുന്നു “ഒരു സിഐഎസ്എഫ് ജവാൻ എന്റെ അടുത്ത് വന്ന് ഇനി ഞാൻ ഒരു കോടീശ്വരനായി എന്ന് പറഞ്ഞു. അപ്പോഴാണ് ഞാൻ കാര്യം അറിയുന്നത്” ഫ്രാൻസിസ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

എംഎസ് ധോണിയെപ്പോലെയാകാൻ ആഗ്രഹിച്ച റോബിൻ, ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ ബാല്യകാല പരിശീലകൻ ചഞ്ചൽ ഭട്ടാചാര്യയാണ് പരിശീലിപ്പിച്ചത്. വൈകാതെ വിക്കറ്റ് കീപ്പറായി മാറിയ അദ്ദേഹം ആക്രമണകാരിയായ ഒരു ബാറ്റർ ആയി. “ഞാൻ അടുത്തിടെ എംഎസ് ധോണിയെ എയർപോർട്ടിൽ വച്ച് കണ്ടു. ഐപിഎൽ 2024 ലേലത്തിൽ ആരും അവനെ വാങ്ങിയില്ലെങ്കിൽ ഞങ്ങൾ അവനെ വാങ്ങുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു, ”റോബിന്റെ പിതാവ് ഫ്രാൻസിസ് പറഞ്ഞു.

മൂന്ന് പരിശീലകരുടെ കീഴിൽ റാഞ്ചിയിലെ സോണറ്റ് ക്രിക്കറ്റ് ക്ലബ്ബിലാണ് റോബിൻ പരിശീലനം നടത്തുന്നത്. ധോണിയെ ഇഷ്ടപെടുന്ന താരമായിട്ടും ക്രിസ് ഗെയ്‌ലിനെ പോലെ ആണ് താരം ബാറ്റ് വീശുന്നത്. “ഞങ്ങൾ അവനെ റാഞ്ചി കാ ക്രിസ് ഗെയ്ൽ എന്ന് വിളിക്കുന്നു. ഇടംകൈയ്യൻ, കൂറ്റൻ സിക്സറുകൾ അടിക്കുന്നു. 200 സ്‌ട്രൈക്ക് റേറ്റിൽ റൺസ് നേടുന്നത് ഇഷ്ടപെടുന്നു.” പരിശീലകൻ പറഞ്ഞു.