ഇതൊന്നും എന്റെ കൈയ്യിലുളള തീരുമാനങ്ങളല്ല; സഞ്ജു പറയുന്നു

അങ്ങനെ ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കേരളത്തിന്റെ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തുന്നു എന്നതരത്തില്‍. രഞ്ജി ട്രോഫിയിലും ശ്രീലങ്കയുടെ വാമപ്പ് മാച്ചില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവണിന് വേണ്ടിയും മിന്നുന്ന ഫോമിലായിരുന്നു താരം.

രഞ്ജിയിലെ തകര്‍പ്പന്‍ ഫോമിന് പിന്നാലെ സഞ്ജു ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ സന്നാഹ മത്സരത്തില്‍ കൂടി സെഞ്ച്വറി നേടിയതോടെ സഞ്ജുവന്റെ ടീം ഇന്ത്യന്‍ പ്രവേശനം ഏതാണ്ട് ഉറപ്പിച്ച മട്ടിലായിരുന്നു ആരാധകര്‍ എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാനായില്ല.

ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സ്‌പോട്‌സ് കീഡയോട് സഞ്ജു മനസ്സ് തുറന്നത് ഇങ്ങനെയാണ്.

“എനിയ്ക്കിപ്പോള്‍ നല്ലതുപോലെ കളിയ്ക്കാന്‍ സാധിയ്ക്കുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടനാണ്. തുടര്‍ന്നും ഇതുപോലെ കളിക്കണമെന്നാണ് ആഗ്രഹം. ബാറ്റ് ചെയ്യാന്‍ കിട്ടുന്ന അവസരമെല്ലാം നല്ലപോലെ ഉപയോഗിയ്ക്കുക, സ്‌കോര്‍ കണ്ടെത്തുക എന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ. സെലക്ടേഴ്സിന്റെ തീരുമാനങ്ങളൊന്നും എന്റെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ല . എനിക്ക് ആകെ ചെയ്യാന്‍ കഴിയുന്നത് നന്നായി കളിയ്ക്കുക എന്നതുമാത്രമാണ്. തുടര്‍ച്ചയായി ഞാന്‍ സ്‌കോര്‍ ചെയ്താല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള എന്റെ വാതില്‍ തുറക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഇപ്പോള്‍ അതിനേക്കുറിച്ചൊന്നും ഞാന്‍ ചിന്തിക്കുന്നില്ല. കുറച്ച് കളികള്‍ വരുന്നുണ്ട്. അതില്‍ നല്ലപോലെ കളിയ്ക്കുക എന്നതില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധ”. സഞ്ജു പറഞ്ഞു.

സഞ്ജു സാംസണ്‍ 2013ലെ ഐ.പി.എല്ലിലൂടെയാണ് ഇന്ത്യ അറിയുന്ന താരമായത്. രാജസ്ഥാന്‍ റോയല്‍സില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രിയപ്പെട്ട ശിഷ്യന്‍് അന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുത്തന്‍ താരോദയമായി വിലയിരുത്തപ്പെട്ടു.

2017 ലെ രഞ്ജി ട്രോഫിയിലും മലയാളി താരം അത്യുഗ്രന്‍ പ്രകടനമാണ് കാഴ്ച്ചവച്ചത്. 1ദ ഇന്നിങ്സുകളില്‍ നിന്നായി 58 റണ്‍സ് ശരാശരിയില്‍ 577 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിന്റെ കളിമികവിന്റെകൂടി ഫലമാണ് കേരളത്തിന്റെ ആദ്യ രഞ്ജിട്രോഫി ക്വാര്‍ട്ടര്‍ പ്രവേശനം

ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പരയുടേയും സൗത്ത് ആഫ്രിയ്ക്കയ്ക്കെതിരായ പരമ്പരയുടേയും ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെലക്ടര്‍മാര്‍ ഇത്തവണയെങ്കിലും സഞ്ജുവിനെ പരിഗണിക്കുമെന്നാണ് കരുതപ്പെടുന്നത്.