ഗംഭീറിന്റെ സ്ഥാനത്ത് സച്ചിനോ ധോണിയോ ആയിരുന്നെങ്കിൽ എത്ര പ്രാവശ്യം ആ പേര് നമ്മൾ പറയുമായിരുന്നു, അർഹിക്കുന്ന പ്രശംസ ലഭിക്കാതെ പോകുന്ന ഗൗതം

2011 ലോകകപ്പ് (2011 ODI World Cup) ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഗംഭീര്‍ 97 റണ്‍സ് നേടിയ ഇന്നിംഗ്സ് ക്രിക്കറ്റ് പ്രേമികൾ മറക്കാനിടയില്ല. എന്നാല്‍ 91 റണ്‍സുമായി പുറത്താവാതെ നിന്ന ധോണിയുടെ ഇന്നിംഗ്സ് ആണ് ആരാധകർ വിജയത്തിൽ നിർണായകമായി പറയുന്നത്. അവിടെയും ഗംഭീറിന്റെ അതിനിർണായകമായ 97 റൺസിനെക്കുറിച്ച് ആരും പറയാറില്ല. അതാണ് പലപ്പോഴും ഗൗതത്തിന്റെ അവസ്ഥ, അർഹിക്കുന്ന പ്രശംസ പലപ്പോഴും താരത്തിന് ലഭിക്കാറില്ല.

അന്ന് ലോകകപ്പ് ഫൈനലിൽ നാലാമനായി ക്രീസിലെത്തിയ കോഹ്‌ലിക്കൊപ്പം ഗംഭീര്‍ ഇന്ത്യയുടെ ഇന്നിംഗ്‌സിന് കരുത്തേകി. അതിവേഗം ബൗണ്ടറികളിലൂടെ റണ്‍സ് കണ്ടെത്താന്‍ മിടുക്കുള്ള ഗംഭീറിന്റെ ഇന്നിംഗ്‌സ് വാങ്കഡെയില്‍ വളരെ പതുക്കെയാണ് നീങ്ങുന്നത്. ഓടിയെടുക്കാവുന്ന ഒരു റണ്‍സ് പോലും അയാള്‍ നഷ്ടപ്പെടുത്തുന്നില്ല. വളരെ ശ്രദ്ധയോടെ ഓരോ റണ്‍സും ഗംഭീര്‍ സ്വന്തമാക്കി. മൂന്നാം വിക്കറ്റായി കോഹ്‌ലിയെ നഷ്ടപ്പെട്ടത് സ്‌കോര്‍ബോര്‍ഡില്‍ 114 റണ്‍സായപ്പോള്‍. അഞ്ചാമനായി നായകന്‍ ധോണി വന്നതോടെ ഗംഭീര്‍ കൂടുതല്‍ ശക്തനായി. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ ഓരോ റണ്‍സും വിലപ്പെട്ടതാണെന്ന് മനസിലാക്കി ഗൗതി ബാറ്റ് വീശി. ഒടുവില്‍ ഇന്ത്യ അനായാസം വിജയിക്കുമെന്ന് ഉറപ്പായി കഴിഞ്ഞാണ് താരം 3 റൺസ് മാത്രം അകലെ സെഞ്ചുറി നഷ്ടമായി പുറത്താകുന്നത്.

വർഷങ്ങൾ കഴിഞ്ഞു, ഇന്ന് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഗൗതം ഗംഭീർ പ്രീമിയർ ലീഗിലെ പുതുമുഖങ്ങളായ ലക്നൗ ടീമിന്റെ മുഖ്യ പരിശീലകനാണ്. മെഗാ ലേലം നടന്ന ദിവസം ഗൗതിയിലെ തന്ത്രജ്ഞനെ നമ്മൾ കണ്ടു. ഓൾ റൗണ്ടറുമാരെ വിളിച്ചെടുത്ത രീതിയും, ബാറ്റിംഗ്-ബൗളിംഗ് ബാലൻസ് ഉള്ള കെട്ടുറപ്പുള്ള ഒരു ടീമിനെ വിളിക്കാൻ ഗൗതത്തിനും കൂട്ടർക്കും ആയി.

പുതുമുഖങ്ങളുടെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഗൗതിയും കൂട്ടരും ഇന്ന് പോയിന്റ് പട്ടികയിൽ രണ്ടാമത് നിൽക്കുകയാണ്. രാഹുലിന്റെ ക്യാപ്റ്റൻസി, ആവേശ ഖാന്റെ ബൗളിംഗ്, ദീപക്ക് ഹൂഡയുടെ ഓൾ-റൗണ്ട് മികവ് ഇവയെല്ലാം എടുത്തുപറയുമ്പോൾ ഗൗതിയെ എല്ലാവരും മറക്കുന്നു. അയാളെക്കുറിച്ച് ആരും ഒരു വാക്ക് പോലും പറയുന്നില്ല.

ഗൗതിയുടെ സ്ഥാനത്ത് സച്ചിനോ ധോണിയോ ആയിരുന്നെങ്കിൽ എത്ര പ്രാവശ്യം ആ പേര് നമ്മൾ പറയുമായിരുന്നു. അയാൾ അർഹിക്കുന്ന ആ അംഗീകാരം എങ്കിലും നമുക്ക് കൊടുക്കാൻ സാധിക്കില്ലേ..