ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയെ ഞെട്ടിച്ച് ഓസീസ്, വിധി നിര്‍ണയിക്കുക ആ പരമ്പര

ഇതാദ്യമായി നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഓസീസിന്റെ തിരിച്ചുവരവ്. പാകിസ്ഥാന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര കൂടി ഓസ്‌ട്രേലിയ തൂത്തുവാരിയതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്.

നിലവില്‍ ഒന്നാംസ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 360 പോയിന്റും, രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്ക്ക് 296 പോയിന്റുമാണുള്ളത്. ഇതോടെ ഇന്ത്യയുടെ ഒറ്റയാള്‍ കുതിപ്പിനാണ് വെല്ലുവിളി നേരിടുന്നത്.

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇത് വരെ കളിച്ച 7 മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഓസ്‌ട്രേലിയയാകട്ടെ 10 മത്സരങ്ങളില്‍ 7 എണ്ണം ജയിച്ചപ്പോള്‍, രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. ഒരെണ്ണം സമനിലയായി.

മറ്റ് ടീമുകള്‍ ഇവരേക്കാള്‍ ഒത്തിരി പിന്നിലാണ്. 4 മത്സരങ്ങളില്‍ 80 പോയിന്റുള്ള പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ( ഒരു ജയം, ഒരു സമനില) പോയിന്റ് പട്ടികയില്‍ ഓസീസിന് പിന്നാലെയുള്ളത്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടീമുകളാണ് പോയിന്റ് പട്ടികയില്‍ യഥാക്രമം 5 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍.

അതെസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഗതി നിര്‍ണയിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയാകും. നവംബറിലാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പരമ്പര ആരംഭിക്കുക. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ തിരിച്ചെത്തിയതോടെ ഓസ്‌ട്രേലിയന്‍ ടീം അതിശക്തമായി മാറിയിട്ടുണ്ട്.