ഐപിഎല്ലിലെ കടുത്ത ക്യാമറക്കണ്ണുകൾക്കെതിരെയും സോഷ്യൽ മീഡിയ സമ്മർദ്ദങ്ങൾക്കെതിരെയും സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുൻ നായകനും സ്റ്റാർ ബാറ്ററുമായ വിരാട് കോഹ്‌ലി. ആർസിബി പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് തങ്ങളുടെ സ്വകാര്യതയെപ്പോലും ബാധിക്കുന്ന രീതിയിലുള്ള ചിത്രീകരണങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
മത്സരങ്ങളിലെ ക്യാമറകൾക്ക് പുറമെ, പരിശീലന സെഷനുകളിലും താരങ്ങൾ എന്ത് ചെയ്യുന്നു എന്ന് പകർത്താൻ ഫ്രാഞ്ചൈസികൾ അമിതമായി ശ്രമിക്കുന്നത് താരങ്ങളുടെ സ്വതന്ത്രമായ പരിശീലനത്തെ ബാധിക്കുന്നുണ്ടെന്ന് കോഹ്‌ലി വ്യക്തമാക്കി.
“നിങ്ങൾ പരിശീലനത്തിനായി നടക്കുമ്പോൾ ആറ് ക്യാമറകളാണ് നിങ്ങളുടെ പിന്നാലെയുണ്ടാകുക. ഇത് ഒട്ടും സുഖകരമായ ഒരു അനുഭവമല്ല. ഒരു കായികതാരം എന്ന നിലയിൽ സമാധാനത്തോടെ കളി മെച്ചപ്പെടുത്താനുള്ള സ്വാതന്ത്ര്യം ആവശ്യമാണ്. നിങ്ങൾ ചെയ്യുന്നതെല്ലാം റെക്കോർഡ് ചെയ്യാനും പിന്നീട് അത് കീറിമുറിച്ച് വിശകലനം ചെയ്യാനും തുടങ്ങിയാൽ കളിയിൽ സ്വാഭാവികത നഷ്ടപ്പെടും,” കോഹ്‌ലി പറഞ്ഞു.
Read more
നെറ്റ്സ് പരിശീലനത്തിനിടെ പുതിയ പല കാര്യങ്ങളും പരീക്ഷിക്കാൻ തനിക്ക് ഭയമാണ്. കാരണം അടുത്ത ദിവസം ആരെങ്കിലും അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അതിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുകയും ചെയ്യും. “നിങ്ങൾ എന്നെ വിലയിരുത്തേണ്ടത് മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്, അല്ലാതെ പരിശീലനത്തിന്റെ അടിസ്ഥാനത്തിലല്ല,” താരം കൂട്ടിച്ചേർത്തു.







