'എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്'; വിരമിക്കൽ അറിയിച്ച് മൊയിന്‍ അലി

ഇംഗ്ലീഷ് ഹിറ്റ് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. താരത്തിന്റെ വിരമിക്കല്‍ വാര്‍ത്ത ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. ആരവങ്ങള്‍ക്കിടയിലൂടെയുള്ള വരവ് മിസ് ചെയ്യുമെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മൊയിന്‍ അലി പറഞ്ഞു.

‘നിലവില്‍ എന്റെ പ്രായം 34ആണ്. എനിക്ക് സാധിക്കുന്നിടത്തോളം ക്രിക്കറ്റ് കളിക്കണമെന്നും ആസ്വദിക്കണമെന്നുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് വളരെ മനോഹരമായ ഫോര്‍മാറ്റാണ്. നിങ്ങള്‍ക്ക് മനോഹരമായ ഒരു ദിവസം ലഭിച്ചാല്‍ മറ്റേത് ഫോര്‍മാറ്റിനെക്കാളും മികച്ച അനുഭൂതി നിങ്ങള്‍ക്ക് തരാന്‍ ടെസ്റ്റിനാവും. വലിയ നേട്ടങ്ങളിലെത്തിയതുപോലെയാവും തോന്നുക. തീര്‍ച്ചയായും ആരവങ്ങള്‍ക്കിടയിലൂടെയുള്ള വരവ് മിസ് ചെയ്യും. ടെസ്റ്റ് ക്രിക്കറ്റിനെ വളരെയധികം ആസ്വദിച്ചിട്ടുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. ഞാന്‍ നേടിയതിലെല്ലാം വളരെ സന്തോഷം.’ വിരമിക്കല്‍ അറിയിച്ച് മൊയിന്‍ അലി പറഞ്ഞു.

IND vs ENG | Joe Root apologises to Moeen Ali for saying all-rounder 'chose' to go home after 2nd Test: Report | Cricket News – India TV

ഇംഗ്ലണ്ടിനായി 64 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള മൊയിന്‍ അലി 195 വിക്കറ്റും 2914 റണ്‍സും നേടിയിട്ടുണ്ട്. 155 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അഞ്ച് സെഞ്ചുറികളും 14 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. 53 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ഒരു ഇന്നിംഗ്സില്‍ താരത്തിന്റെ മികച്ച പ്രകടനം.

112 റണ്‍സ് വഴങ്ങി 10 വിക്കറ്റ് വീഴ്ത്തിയതാണ് ഒരു മത്സരത്തിലെ താരത്തിന്റെ മികച്ച പ്രകടനം. ടെസ്റ്റില്‍ ഇതുവരെ അഞ്ച് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഒരു 10 വിക്കറ്റ് നേട്ടവും മൊയിന്‍ അലി സ്വന്തമാക്കിയിട്ടുണ്ട്.