അതെല്ലാം ക്രിക്കറ്റ് നിയമത്തിലുളളതു തന്നെ, ന്യായീകരണവുമായി അശ്വിന്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഐപിഎല്‍ മത്സരത്തില്‍ മങ്കാദിംഗ് ചെയ്തതിന് വിശദീകരണവുമായി കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന്‍ രംഗത്ത്. കരുതിക്കൂട്ടിയായിരുന്നില്ല ആ വിക്കറ്റെടുത്തതെന്ന് അശ്വിന്‍ പറയുന്നു.

പന്തെറിയുന്നതിന് മുമ്പെ ബട്ട്ലര്‍ ക്രീസ് വിട്ടിരുന്നു, അദ്ദേഹം അക്കാര്യം ശ്രദ്ധിക്കുന്നു പോലുമില്ലായിരുന്നു, ക്രിക്കറ്റിന്റെ നിയമത്തിനുള്ളിലുള്ള പ്രവൃത്തിയാണിതെന്നും അതിനെ മറ്റു തലങ്ങളിലേക്ക് കൊണ്ടു പോകുന്നത് ശരിയല്ലെന്നും അശ്വിന്‍ പറഞ്ഞു. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അശ്വിന്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്.

രാജസ്ഥാന്‍ റോയല്‍സുമായുള്ള മത്സരത്തിലാണ് അവരുടെ ഓപ്പണിങ് ബാറ്റ്സ്മാന്‍ ജോസ് ബട്ട്ലറെ മങ്കാദിംഗിലൂടെ അശ്വിന്‍ പുറത്താക്കിയത്. എന്നാല്‍ ക്രിക്കറ്റിന്റെ മാന്യതക്ക് ചേരാത്ത പ്രവൃത്തിയാണ് അശ്വിനില്‍ നിന്നുണ്ടായതെന്നാണ് വ്യാപക വിമര്‍ശം.

മത്സരത്തില്‍ 14 റണ്‍സിനായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ ജയം. 69 റണ്‍സാണ് ബട്ട്ലര്‍ നേടിയത്. അശ്വിന്‍ എറിഞ്ഞ 13ാം ഓവറിലാണ് സംഭവം. നോണ്‍ സ്‌ട്രൈക്കിങ് ക്രീസില്‍ നിന്നു കയറിയ ജോസ് ബട്ട്ലറെ അശ്വിന്‍ റണ്ണൗട്ടാക്കുകയായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ തന്റെ വിക്കറ്റെടുത്തതിലുള്ള രോഷം പ്രകടിപ്പിച്ചാണ് ബട്ട്‌ലര്‍ കളം വിട്ടത്.