ധോണിയുടെ അമ്പരപ്പിക്കുന്ന ശിക്ഷാരീതി വെളിപ്പെടുത്തി പരിശീലകന്‍

എന്തുകൊണ്ടാണ് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച നായകനായി മഹേന്ദ്ര സിംഗ് ധോണി മാറിയത്. അതിനുളള ഉത്തരത്തിലേക്കുളള വലിയ സൂചനയാണ് ഇന്ത്യയുടെ മുന്‍ മെന്റല്‍ കണ്ടീഷനിംഗ് പരിശീലകനായ പാഡി അപ്ടണ്‍ നല്‍കുന്നത്. ധോണി സഹതാരങ്ങളെ പരിശീലിപ്പിച്ച രീതിയാണ് ഏറ്റവും മികച്ച നായകനാകാന്‍ അദ്ദേഹത്തെ സഹായിച്ചതെന്നാണ് പാഡി അപ്ടണിന്റെ നിരീക്ഷണം.

സമയനിഷ്ഠയുടെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ് മഹേന്ദ്ര സിംഗ് ധോണി. സ്വന്തം കാര്യത്തില്‍ മാത്രമല്ല, സഹതാരങ്ങളുടെ കാര്യത്തിലും അതങ്ങിനെ തന്നെ. ധോണി മുമ്പ് ഇന്ത്യന്‍ നായകനായിരുന്ന സമയം താരങ്ങള്‍ പരിശീലനത്തിന് എത്താന്‍ വൈകിയാല്‍ പരീക്ഷിച്ച വ്യത്യസ്തമായ ശിക്ഷാരീതി വെളിപ്പെടുത്തിയിരിക്കുകയാണ് അപ്ടണ്‍.

അപ്ടണ്‍ ഇന്ത്യന്‍ ടീമിന്റെ മെന്റല്‍ കണ്ടീഷനിംഗ് പരിശീലകനായി ചുമതലയേറ്റ കാലത്ത് അനില്‍ കുംബ്ലെയായിരുന്നു ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍. ഏകദിന ടീമിന്റെ നായകന്‍ എം. എസ് ധോണിയും. ആ സമയത്ത് താരങ്ങള്‍ പരിശീലനത്തിന് എത്താന്‍ സ്ഥിരമായി വൈകുന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍ പെട്ടു. ഇത് തടയാനുള്ള വഴിയെ കുറിച്ചായി പിന്നെ ചിന്ത. അവസാനം ഇരു ടീമുകളുടേയും ക്യാപ്റ്റന്മാര്‍ക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അനുവാദം നല്‍കി.

പരിശീലനത്തിനെത്താന്‍ വൈകുന്ന താരങ്ങള്‍ക്ക് 10000 രൂപ വീതം പിഴ ഈടാക്കണമെന്നാണ് ടെസ്റ്റ് ടീം നായകനായ കുംബ്ലെയുടെ നിര്‍ദേശം. എന്നാല്‍ഏകദിന ടീമിലുള്ള താരങ്ങള്‍ക്ക് വേറൊരു രീതിയിലുള്ള ശിക്ഷയാണ് ധോണി തീരുമാനിച്ചത്. ടീമിലെ ഏതെങ്കിലും ഒരു താരം പരിശീലനത്തിന് വൈകിയെത്തിയാല്‍ ടീമിലെ എല്ലാവരും 10000 രൂപ പിഴ നല്‍കണമെന്നതായിരുന്നു ഇത്. അതിന് ശേഷം ഏകദിന ടീമിലെ ഒരാള്‍ പോലും പരിശീലനത്തിനെത്താന്‍ വൈകിയിട്ടില്ലെന്ന് അപ്ടണ്‍ പറയുന്നു.