ഈ നായകന്‍ എത്രമാത്രം കളിക്കും? രോഹിതിനെ എല്ലാ ഫോര്‍മാറ്റിലും നായകനാക്കിയത് ചോദ്യം ചെയ്ത് ദിനേശ് കാര്‍ത്തിക്

വെസ്റ്റിന്‍ഡീസിനെതിരേ വന്‍ വിജയം നേടിയതിന് പിന്നാലെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മ്മയെ നായകനാക്കിയ നടപടിയെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. താരത്തിന്റെ നായക മികവില്‍ സംശയമില്ലെങ്കിലൂം രോഹിത് ശര്‍മ്മയുടെ ഫിറ്റ്‌നസ് സംബന്ധിച്ച ആശങ്കകളാണ് കാര്‍ത്തിക് ഉയര്‍ത്തുന്നത്. മൂന്ന് ഫോര്‍മാറ്റിലും നായകനാക്കിയതോടെ മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മ്മയ്ക്ക് എത്രമാത്രം ക്രിക്കറ്റ് കളിക്കാനാകുമെന്ന് താരം ചോദിക്കുന്നു.

34 വയസ്സ് പ്രായമുള്ള രോഹിത് ശര്‍മ്മയെ ടീം ഇന്ത്യയുടെ ഉടനീളമുള്ള കളികള്‍ക്ക് കിട്ടുമോയെന്ന് ആശങ്കപ്പെടുന്ന അനേകരുണ്ടെന്ന് താരം പറയുന്നു. ടീം ഇന്ത്യയുടെ ക്യാപ്റ്റനായി രോഹിതിന് പൂര്‍ണ്ണത നേടുക രോഹിതിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരിക്കുമെന്നും പറയുന്നു. സാങ്കേതികമായി ഏറെ മികവുള്ളയാളാണ് രോഹിത് ശര്‍മ്മ എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും സ്ഥിരത നിലനിര്‍ത്താന്‍ കഴിയുമോ എന്നത് ആശങ്കയാണ്.

അതേസമയം രോഹിതിലെ തന്ത്രശാലിയ്ക്ക് നൂറില്‍നൂറു മാര്‍ക്കാണ് ദിനേശ് കാര്‍ത്തിക് നല്‍കുന്നത്. വെസ്റ്റിന്‍ഡീസിനെതിരേ മൂന്നാം ടി20 യില്‍ ഇത് കണ്ടിരുന്നു. ആവേശ് ഖാനെയും ശാര്‍ദ്ദുല്‍ ഠാക്കൂറിനെയും ഉപയോഗിച്ച രീതിയാണ് ഇതിനായി കാര്‍ത്തിക് ചൂണ്ടിക്കാട്ടുന്നത്്. ഇരു ബൗളര്‍മാരേയും കാര്‍ത്തിക് റൊട്ടേഷന്‍ അടിസ്ഥാനത്തിലായിരുന്നു ഉപയോഗിച്ചത്. ആദ്യ ഓവറില്‍ ശാര്‍ദ്ദൂല്‍ വഴങ്ങിയത് 18 റണ്‍സായിരുന്നു. എന്നാല്‍ അവസാനിക്കുമ്പോള്‍ 33 ന് 4 വിക്കറ്റാണ് വീഴ്ത്തിയത്. ഒരു ബൗളര്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് വളരെ വ്യക്തമായി അറിയാവുന്നയാളാണ് രോഹിത്. പക്ഷേ അദ്ദേഹത്തിന് എത്ര ക്രിക്കറ്റ് കളിക്കാനാകുമെന്നതാണ് ചോദ്യം.