ഇവന്‍ സെവാഗിന്റെ പിന്‍ഗാമി, ഇന്ത്യന്‍ താരത്തിന്റെ പ്രവചനം

ലോകം കണ്ട ഏറ്റവും വലിയ സംഹാരിയായ ക്രിക്കറ്റര്‍ വീരേന്ദ്ര സെവാഗിന്റെ പിന്‍ഗാമിയെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്‌ജേക്കര്‍. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ തീപ്പൊരി ബാറ്റ്‌സ്മാനായ റിഷഭ് പന്ത് ഈ തലമുറയിലെ സെവാഗാണെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.

ട്വിറ്ററിലൂടെയാണ് മുന്‍ ഇന്ത്യന്‍ താരം പന്തിനെ പ്രശംസ കൊണ്ട് മൂടിയത്. നേരത്തെ നിരവധി ആരാധകരും സെവാഗിന്റെ പിന്‍ഗാമിയായി പന്തിനെ വിശേഷിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസം നിര്‍ണായക ഐപിഎല്‍ എലിമിനേറ്ററില്‍ പന്ത് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചിരുന്നു. സണ്‍റൈസേഴ്സിന്റെ 162 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹിയെ വിജയിപ്പിച്ചത് പന്തിന്റെ ബാറ്റിംഗാണ്. 21 പന്തില്‍ 49 റണ്‍സെടുത്ത് പുറത്തായെങ്കിലും ഈ സമയം ഡല്‍ഹി ജയത്തിന് അരികെ എത്തിയിരുന്നു.

ഈ ഐപിഎല്ലില്‍ പന്താട്ടം ഇതാദ്യമല്ല. 15 മത്സരങ്ങളില്‍ നിന്ന് 450 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. 163. 63 ആണ് സ്ട്രൈക്ക് റേറ്റ്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ ഇക്കുറി നേടാനായി. 78 ആണ് ഉയര്‍ന്ന സ്‌കോര്‍.