ഒടുവില്‍ കീഴടങ്ങി, സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. ഭാര്യ നാദിന്‍ സ്ട്രീക്കാണു മരണ വിവരം സ്ഥിരീകരിച്ചത്. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്നു.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വെയ്ക്കായി കൂടുതല്‍ വിക്കറ്റ് നേടിയതിന്റെ റെക്കോര്‍ഡ് സ്ട്രീക്കിന്റെ പേരിലാണ്.

സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. 2005ലാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.

200913 വരെയും 2016-18 വരെയും അദ്ദേഹം സിംബാബ്‌വെയുടെ പരിശീലകനായിരുന്നു. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നു. ബംഗ്ലദേശ് ടീമിനെയും പരിശീലിപ്പിച്ചുട്ടുണ്ട്.

Read more

നേരത്തെ, സ്ട്രീക്ക് മരിച്ചെന്ന നിലയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കപ്പെട്ടിരുന്നു. പിന്നാലെ സ്ട്രീക്ക് തന്നെ നേരിട്ട് രംഗത്തെത്തി തന്റെ മരണവാര്‍ത്ത നിഷേധിക്കുകയും ചെയ്തു. ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടുവെന്നും ചികില്‍സയുടെ ചെറിയ ബുദ്ധിമുട്ടുകളൊഴിച്ചാല്‍ സുഖമായിരിക്കുന്നുവെന്നും സ്ട്രീക്ക് പറഞ്ഞ് ദിവസങ്ങള്‍ക്കകമാണ് മരണവാര്‍ത്തയെത്തുന്നത്.